Sorry, you need to enable JavaScript to visit this website.

വിദേശ ഭക്ഷ്യ എണ്ണ പ്രവാഹം വെളിച്ചെണ്ണക്ക്  തിരിച്ചടിയായി

കൊച്ചി- വിദേശ ഭക്ഷ്യ എണ്ണയുടെ പ്രവാഹത്തിന് മുന്നിൽ  വെളിച്ചെണ്ണയുടെ കാലിടറി. ഇറക്കുമതി ലോബി കുരുമുളക് വിപണിയുടെ നിയന്ത്രണം കൈപിടിയിൽ ഒതുക്കി. അറബ് രാജ്യങ്ങളിൽ നിന്നും യൂറോപിൽ നിന്നും ഏലത്തിന് അന്വേഷണങ്ങൾ. റബർ വിപണിയിലേയ്ക്കുള്ള ചൈനയുടെ തിരിച്ച് വരവ് ഇന്ത്യൻ കർഷകർക്ക് പ്രതീക്ഷ പകർന്നു. സ്വർണ വിലയിൽ ചാഞ്ചാട്ടം. 
വിദേശ ഭക്ഷ്യയെണ്ണ പ്രവാഹം ദക്ഷിണേന്ത്യൻ നാളികേര കർഷകർക്ക് തിരിച്ചടിയായി. കേരളത്തിൽ വിളവെടുപ്പിന് തുടക്കം കുറിച്ച അവസരത്തിലാണ് വില കുറഞ്ഞ പാചകയെണ്ണകൾ വ്യവസായികൾ വൻതോതിൽ ഇറക്കുമതി നടത്തിയത്. ജനുവരിയിൽ വരവ് പതിവിലും 25 ശതമാനം ഉയർന്ന് 1.29 ദശലക്ഷം ടണ്ണിലെത്തി. ഫെബ്രുവരിയിലെ ഇറക്കുമതി കണക്കുകൾ ഇനിയും പുറത്തുവന്നിട്ടില്ല. രൂപയുടെ മൂല്യം ഉയർന്നതിനാൽ ഇറക്കുമതി വ്യവസായികളുടെ  ലാഭം ഉയർത്തി. 
മലേഷ്യ അവരുടെ ചരക്ക് വിറ്റഴിക്കാൻ കയറ്റുമതി ഡ്യൂട്ടിയിൽ ഇളവുകൾ വരുത്തിയത് വാങ്ങലുകാരെ  ആകർഷിച്ചു. അതേ സമയം ഏതാനും മാസങ്ങളായി മികച്ച റേഞ്ചിൽ നീങ്ങിക്കൊണ്ടിരുന്ന വെളിച്ചെണ്ണയും കൊപ്രയും പിന്നിട്ടവാരം വില തകർച്ചയിൽ അകപ്പെട്ടു. കൊച്ചിയിൽ 18,800 ൽ വിൽപ്പനക്ക് തുടക്കം കുറിച്ച വെളിച്ചെണ്ണ വാരാവസാനം 17,500 ലാണ്. കൊപ്ര വില 1050 രൂപ ഇടിഞ്ഞ് 11,730 രൂപയായി. സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് പുരോഗമിക്കുകയാണ്. ഇതിനിടയിൽ വാരാന്ത്യം  കേന്ദ്ര സർക്കാർ പാം ഓയിലിന്റെ ഇറക്കുമതി ഡ്യൂട്ടി വർധിപ്പിച്ചു. പുതിയ സാഹചര്യത്തിൽ  വിദേശ ചരക്ക് വരവ് അൽപ്പം കുറയാൻ ഇടയുണ്ട്. 
കുരുമുളക് കൂടുതൽ പ്രതിസന്ധിയിൽ അകപ്പെട്ടു. ആഭ്യന്തര കർഷകർ മെച്ചപ്പെട്ട വില ഉറപ്പ് വരുത്താൻ അവസരം നൽക്കാതെ കൈവശമുള്ള വിദേശ ചരക്ക് വിറ്റഴിക്കുകയാണ് വ്യവസായ ലോബി. വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിച്ച കുരുമുളകാണ് അവർ വിൽപ്പന നടത്തുന്നത്. ഡിസംബറിൽ വിളവെടുപ്പ് തുടങ്ങിയ തെക്കൻ കേരളത്തിൽ നിന്ന് ഇക്കുറി കാര്യമായി മുളക് കൊച്ചയിൽ എത്തിയില്ല.  ഉൽപാദനം നേരത്തെ കണക്ക് കൂട്ടിയതിനെക്കാൾ കുറഞ്ഞതാണ് വരവിനെ ബാധിച്ചത്. ഹൈറേഞ്ച് മുളക് വില ഉയർത്തി ഉത്തരേന്ത്യക്കാർ  ശേഖരിക്കുമെന്ന് വിപണി പ്രതീക്ഷിച്ചു. എന്നാൽ ഈ അവസരത്തിൽ ഇറക്കുമതി ലോബി വിപണി നിയന്ത്രണം കൈപിടിയിൽ ഒരുക്കിയത് കാർഷിക മേഖലയുടെ കണക്ക് കുട്ടലുകൾ തെറ്റിച്ചു. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 39,000 രൂപയിൽ നിന്ന് 37,400 രൂപയായി. ഗാർബിൾഡ് മുളക് വില 1600 രൂപ കുറഞ്ഞ് 39,400 രൂപയായി. വയനാട്ടിൽ കുരുമുളക് വിളവെടുപ്പ് പുരോഗമിക്കുന്നു. കർണാടകത്തിലെ വിവിധ ഭാഗങ്ങളിലും വിളവെടുപ്പിന് തുടക്കം കുറിച്ചു. അതായത് ഈ മാസം ഉൽപ്പന്നത്തിന്റെ ലഭ്യത ഉയരും. വിദേശ ചരക്കിന് മുന്നിൽ മത്സരിക്കാനാവാതെ കർഷകർ താഴ്ന്ന വിലക്ക് ഉൽപ്പന്നം വിറ്റുമാറുകയാണ്. സാർവദേശീയ വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6250-6500 ഡോളറാണ്. 
ഗൾഫ് രാജ്യങ്ങളിൽ നിന്നും യൂറോപ്പിൽ നിന്നും വലിപ്പം കൂടിയ ഇനം ഏലത്തിന് അന്വേഷണങ്ങളെത്തി.  ഏലക്ക തോട്ടങ്ങളിൽ വിളവെടുപ്പ് മന്ദഗതിയിലാണ്. വരണ്ട കാലാവസ്ഥ ഉൽപാദനത്തെ ബാധിച്ചു.  ഏകദേശം 18,000 ടൺ ഏലക്ക നടപ്പ് സീസണിൽ വിൽപ്പന നടത്തി. ഓഫ് സീസണിലെ വിലക്കയറ്റത്തിന് തുടക്കം കുറിക്കും മുമ്പായി ചരക്ക് ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഇടപാടുകാർ. വാരാവസാനം മികച്ചയിനം ഏലക്ക കിലോഗ്രാമിന് 1246 രൂപയിലാണ്.  
പുതിയ ചുക്കിന്റെ ലഭ്യത ഉയർന്നു. മുഖ്യ വിപണികളിൽ വരവ് മെച്ചപ്പെട്ടതിനൊപ്പം ആഭ്യന്തര ആവശ്യം കനത്തത് ഉൽപന്നത്തിന് താങ്ങായി. വിദേശ ഓർഡറുകൾ മുന്നിൽ കണ്ട് കയറ്റുമതി സ്ഥാപനങ്ങളും ചുക്ക് സംഭരിക്കുന്നുണ്ട്. കൊച്ചിയിൽ വിവിധയിനം ചുക്ക് 12,500-13,500 രൂപ.  
രാജ്യാന്തര റബർ മാർക്കറ്റിൽ ചൈനീസ് വ്യവസായികളുടെ സാന്നിധ്യം ഏഷ്യൻ വിപണികൾക്ക് ഉണർവ് പകർന്നു. അതേസമയം പ്രമുഖ അവധി വ്യാപാര കേന്ദ്രമായ ടോക്കോം എക്‌സ്‌ചേഞ്ചിൽ പിന്നിട്ട വാരത്തിലും റബറിന് കിലോ 200 യെന്നിന് മുകളിൽ ഇടം കണ്ടെത്താനായില്ല. നിക്ഷേപ താൽപര്യം കനത്താൽ വിപണി ചുടുപിടിക്കുമെന്ന പ്രതീക്ഷയിലാണ് റബർ ഉൽപാദന രാജ്യങ്ങൾ. മുഖ്യ വിപണികളിൽ നാലാം ഗ്രേഡ് 12,400 രൂപയിൽ നിന്ന് 12,550 ലേയ്ക്ക് കയറി. 
ആഭരണ വിപണികളിൽ  22,640 രൂപയിൽ വിൽപ്പനക്ക് തുടക്കം കുറിച്ച പവൻ ആദ്യം 22,700 വരെ ഉയർന്ന ശേഷം 22,520 ലേക്ക് വാരമാധ്യം താഴ്ന്നു. എന്നാൽ വാരാന്ത്യം നിരക്ക് 22,600 രൂപയിലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1322 ഡോളർ.  
 

Latest News