Sorry, you need to enable JavaScript to visit this website.

ഭക്ഷ്യ എണ്ണ ഇറക്കുമതി നാളികേരോൽപ്പന്നങ്ങൾക്ക് തിരിച്ചടി


കൊച്ചി- ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയർന്നത് നാളികേരോൽപ്പന്നങ്ങൾക്ക് തിരിച്ചടിയായി. ജനുവരിയിൽ പാചകയെണ്ണ ഇറക്കുമതി ഇരുപത്തി അഞ്ച് ശതമാനം വർധിച്ചത് എണ്ണക്കുരു ഉൽപാദകരെ പിരിമുറുക്കത്തിലാക്കി. മലേഷ്യ പാം ഓയിലിന്റെ കരുത്തൽ ശേഖരം കുറക്കാൻ കയറ്റുമതി ഡ്യുട്ടിയിൽ ഇളവ് വരുത്തിയ ഇളവാണ് ഇന്ത്യൻ വ്യവസായികൾ നേട്ടമാക്കിയത്. 
ജനുവരിയിൽ 1.29 ദശലക്ഷം ടൺ പാചകയെണ്ണയുടെ ഇറക്കുമതി നടന്നു. 2017 ജനുവരിയിൽ ഇത് 1.02 ദശലക്ഷം ടണ്ണായിരുന്നു. കഴിഞ്ഞ വർഷം രാജ്യാന്തര വിപണിയിൽ ടണ്ണിന് 788 ഡോളറായിരുന്ന ശുദ്ധീകരിച്ച പാം ഓയിൽ വില ഇപ്പോൾ 669 ഡോളർ മാത്രമാണ്. ഇതിനിടയിൽ രൂപയുടെ വിനിമയ നിരക്ക് 68 നിന്ന് 64 ലേയ്ക്ക് നീങ്ങിയത് വ്യവസായികൾക്ക് ഇറക്കുമതി ലാഭക്കച്ചവടമാക്കി. കേരളത്തിൽ നാളികേര വിളവെടുപ്പ് ഊർജിതമായി. ഗ്രാമീണ മേഖലയിൽ പച്ചതേങ്ങയുടെ ലഭ്യത ഉയർന്നു. ഭക്ഷ്യയെണ്ണ ഇറക്കുമതി വർധിച്ച വിവരം മില്ലുകാരെ വെളിച്ചെണ്ണ വിറ്റുമാറാൻ പ്രേരിപ്പിച്ചു. 19,000 രൂപയിൽ മൂന്നാഴ്ച്ച സ്‌റ്റെഡിയായി നീങ്ങിയ എണ്ണ വാരാന്ത്യം 18,800 രൂപയിലാണ്. കൊപ്ര വില 12,650 രൂപ. 
വരൾച്ച മൂലം പല തോട്ടങ്ങളിലും ഏലക്ക ഉൽപാദനം ചുരുങ്ങി. നടപ്പ് സീസണിൽ 17,500 ടൺ ഏലക്ക ലേലത്തിന് ഇറങ്ങി. ഉത്സവകാല ഡിമാണ്ട് വില വീണ്ടും ഉയർത്താം. 
പശ്ചിമേഷ്യയിലേയ്ക്കുള്ള ഷിപ്പ്‌മെന്റ മുൻ നിർത്തി കയറ്റുമതിക്കാർ ചരക്ക് സംഭരിച്ചു. മികച്ചയിനം ഏലക്ക കിലോ ഗ്രാമിന് 1146-1306 രൂപയിൽ നീങ്ങി. 
ആഭ്യന്തര വ്യാപാരികൾ കുരുമുളക് ശേഖരിക്കാൻ ഉത്സാഹിച്ചു. ഹൈറേഞ്ച് മുളക് കിലോ 405 രൂപയിലും വയനാടൻ മുളക് 395 രൂപയിലും കൈമാറ്റം നടന്നപ്പോൾ ഇറക്കുമതി ലോബി വിദേശ ചരക്ക് 385 രൂപയ്ക്ക് വാഗ്ദാനം ചെയ്തു.  അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6600-6850 ഡോളറാണ്. കയറ്റുമതിക്കാർ ഉൽപ്പന്നം സംഭരിക്കുന്നുണ്ട്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 38,600 രൂപയിൽ നിന്ന് 39,000 രൂപയായി.  
രാജ്യാന്തര റബർ മാർക്കറ്റ് തിരിച്ച് വരവിനുള്ള നീക്കത്തിലാണ്. ലൂണാർ പുതുവത്സരാേഘാഷങ്ങളുടെ ഭാഗമായി രംഗത്ത് നിന്ന് അകന്ന ചൈനീസ് വ്യവസായികൾ വാരാവസാനം വിപണിയിലെത്തി.  ഇതിന്റെ ചുവടു പിടിച്ച് അവധി വ്യാപാര കേന്ദ്രമായ ടോക്കോം എക്‌സ്‌േചഞ്ചിൽ റബർ കിലോ 171 യെന്നിൽ നിന്ന് 187 ലേയ്ക്ക് ഉയർന്നു. നിക്ഷേപ താൽപര്യം കനത്താൽ മാർച്ചിൽ നിരക്ക് 200 യെന്നിന് മുകളിലെത്തും. കേരളത്തിൽ നാലാം ഗ്രേഡ് റബർ 12,400 രൂപയിലും അഞ്ചാം ഗ്രേഡ് 12,100 രൂപയിലുമാണ്.
സ്വർണ വില കയറി ഇറങ്ങി. പവൻ 22,680 രൂപയിൽ നിന്ന് 22,800 വരെ ഉയർന്ന ശേഷം ശനിയാഴ്ച്ച 22,640 രൂപയിലാണ്. 


 

Latest News