Sorry, you need to enable JavaScript to visit this website.

അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും ദുൽഖറും

കൊച്ചി- അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും ദുൽഖർ സൽമാനും. അക്രമത്തിന് ഇരയായതിനെ പറ്റിയും അഞ്ചുവർഷമായി അനുഭവിക്കുന്ന അവസ്ഥകളെ പറ്റിയും നടി ഇന്ന് രാവിലെ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റാണ് മമ്മൂട്ടിയും ദുൽഖരും ഇൻസ്റ്റഗ്രമിൽ ഷെയർ ചെയ്തത്. നടൻ ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകളുടെയും അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ പരസ്യപ്രതികരണവുമായാണ് ആക്രമിക്കപ്പെട്ട നടി രംഗത്തെത്തിയത്.  'ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര' എന്ന കുറിപ്പോടെയാണ് നടിയുടെ പ്രതികരണം.
'അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ഒരു പാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ.ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് ഞാൻ തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരു അനുഭവം മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേ ഇരിക്കും.കൂടെ നിൽക്കുന്ന എല്ലാവരുടേയും സ്‌നേഹത്തിന് ഹൃദയംനിറഞ്ഞ നന്ദി'- നടി കുറിച്ചു.
അതേസമയം നടിക്ക് പിന്തുണയുമായി മലയാളത്തിലെ പ്രമുഖ താരങ്ങൾ രംഗത്തുവന്നു. യുവ താരങ്ങളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ അടക്കമുള്ളവരാണ് നടിക്ക് പരസ്യപിന്തുണ നൽകിയത്. മഞ്ജു വാര്യർ, പാർവ്വതി തിരുവോത്ത്, ബാബുരാജ്,  റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, ആഷിഖ് അബു, അന്ന ബെൻ, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, ആര്യ, ജിയോ ബേബി, സ്മൃതി കിരൺ, സുപ്രിയ മേനോൻ പൃഥ്വിരാജ്, ഫെമിന ജോർജ്ജ്, മൃദുല മുരളി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, സംയുക്ത മേനോൻ, ഗായിക സയനോര തുടങ്ങിയവരും നടിയുടെ പോസ്റ്റ് പങ്കുവെച്ചു. അതിജീവിതക്ക് പിന്തുണ പ്രഖ്യാപിച്ച ബാബുരാജും ടൊവിനോയും താരസംഘടനയിലെ എക്സിക്യൂട്ടീവ് അംഗങ്ങളാണ്. 

Latest News