Sorry, you need to enable JavaScript to visit this website.

എം.എം അക്ബറിനെ നാളെ കോടതിയിൽ ഹാജരാക്കും

കൊച്ചി- പീസ് എജുക്കേഷണൽ ഫൗണ്ടേഷൻ  ചെയർമാൻ എം.എം. അക്ബറിനെ(50) നാളെ(തിങ്കൾ) കോടതിയിൽ ഹാജരാക്കും. ഇന്ന് രാത്രി രാത്രി എട്ടു മണിയോടെ വിമാനമാർഗം കൊച്ചിയിലെത്തിച്ച അക്ബറിന്റെ അറസ്റ്റ്  എ.സി.പി കെ.ലാൽജി രേഖപ്പെടുത്തി. അക്ബറിനെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച്ച രാത്രിയാണ് അക്ബറിനെ ഹൈദരാബാദിൽ പോലീസ് പിടികൂടിയത്. ഓസ്‌ട്രേലിയയിൽനിന്ന് ദോഹയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. കണക്ഷൻ വിമാനത്തിലാണ് അക്ബർ ഓസ്‌ട്രേലിയയിലെ മെൽബണിൽനിന്ന് ഹൈദരാബാദ് വഴി ദോഹയിലേക്ക് യാത്ര ചെയ്തിരുന്നത്. 
ഫൗണ്ടേഷന്റെ കീഴിലുള്ള കൊച്ചിയിലെ പീസ് ഇന്റർനാഷണൽ സ്‌കൂളിൽ മത സ്പർധ വളർത്തുന്ന പുസ്തകങ്ങൾ കുട്ടികളെ പഠിപ്പിച്ചെന്ന കേസിൽ  അക്ബറിനെതിരെ കേരള പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളങ്ങളിൽ നൽകിയ ലുക്കൗട്ട് നോട്ടീസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അക്ബറിനെ തിരിച്ചറിഞ്ഞ ഹൈദരാബാദ് ഇമിഗ്രേഷൻ വിഭാഗം അവിടെ തടയുകയായിരുന്നു. ഓസ്‌ട്രേലിയയിലെ മെൽബണിൽനിന്ന് ഇന്തോനേഷ്യ വഴി ദോഹയിലേക്ക് പോകുന്നതിനിടെയാണ് അക്ബർ ഹൈദരാബാദിലിറങ്ങിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരുവർഷമായി ദോഹ, ഖത്തർ എന്നിവിടങ്ങളിൽ താമസിക്കുകയായിരുന്നു അക്ബർ. എറണകുളം നോർത്ത് എസ്.ഐ വിബിൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്ബറിനെ ഹൈദരാബാദിൽനിന്ന് കൊച്ചിയിലെത്തിച്ചത്. 
മതസ്പർധ വളർത്തുന്ന പുസ്തകങ്ങൾ പഠിപ്പിച്ചുവെന്ന പരാതിയെ തുടർന്ന് എറണാകുളത്തെ പീസ് ഇന്റർനാഷണൽ സ്‌കൂൾ പൂട്ടാൻ സർക്കാർ കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.  ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും പോലീസിന്റെയും റിപ്പോർട്ടുകൾ പരിഗണിച്ചായിരുന്നു നടപടി. ഇത് പിന്നീട് ഹൈക്കോടതി ഇടപ്പെട്ട് മരവിപ്പിച്ചു.പാഠ പുസ്തകങ്ങളിൽ ദേശവിരുദ്ധവും മതസ്പർധ വളർത്തുന്നതുമായ പാഠഭാഗങ്ങൾ ഉണ്ടെന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസർ 2016 ൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പാലാരിവട്ടം പോലീസ് കേസെടുത്തിരുന്നു. പീസ് സ്‌കൂൾ എം.ഡി എം.എം അക്ബറിനെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചു വരുത്താൻ പലവട്ടം പോലീസ് നീക്കം നടത്തിയിരുന്നുവെങ്കിലും ഇദ്ദേഹം വിദേശത്തേക്ക് പോകുകയായിരുന്നു. തുടർന്നാണ് വിവിധ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് നൽകിയത്. 
എറണാകുളത്ത് ചക്കരപറമ്പിലുള്ള പീസ് സ്‌കൂളിന്റെ മൂന്ന് മാനേജിങ് ട്രസ്റ്റികൾ, അഡ്മിനിസ്‌ട്രേറ്റർ, പ്രിൻസിപ്പൽ എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. മതസ്പർധ വളർത്തിയതിന് സെക്്ഷൻ 153 എ വകുപ്പാണ് ചുമത്തിയത്. പുസ്തകത്തിന്റെ പ്രസാധകരായ മുംബൈയിലെ ബൂർജ് റിയലൈസേഷന്റെ ജീവനക്കാരായ നവി മുംബയ്  സ്വദേശികളായ സൃഷ്ടി ഹോംസിൽ ദാവൂദ് വെയ്ത്, സമീദ് അഹമ്മദ് ഷെയ്ക് (31), സഹിൽ ഹമീദ് സെയ്ദ് (28) എന്നിവരെ കൊച്ചി പോലീസ് 2016 ഡിസംബർ രണ്ടിന് അറസ്റ്റ് ചെയ്തിരുന്നു. 2009 ൽ തുടങ്ങിയിട്ടും പീസ് സ്‌കൂളിന് സി.ബി.എസ്.ഇ അംഗീകാരം ലഭിച്ചിരുന്നില്ല. 
നേരത്തെ ഇവിടെ അധ്യാപകരായിരുന്നവർക്ക് ഐ.എസുമായി ബന്ധമുണ്ടായിരുന്നുവെന്നും സ്‌കൂളിൽ മതേതര വിരുദ്ധമായ പാഠങ്ങളാണ് പഠിപ്പിച്ചിരുന്നതെന്നും പോലീസും റിപ്പോർട്ട് നൽകിയിരുന്നു. കോഴിക്കോട് ആസ്ഥാനമായ പീസ് ഫൗണ്ടേഷന് കീഴിൽ കേരളത്തിൽ  പത്ത് സ്‌കൂളുകളുണ്ട്. 
ഇസ്‌ലാമിക പ്രഭാഷകനായ  അക്ബർ സ്ഥാപിച്ച നിച്ച് ഓഫ് ട്രൂത്ത് എന്ന സ്ഥാപനവും പോലീസിന്റെ അന്വേഷണ പരിധിയിലാണ്. പീസ് ഇന്റർ നാഷണലിന്റേത് ഉൾപ്പെടെ അംഗീകാരമില്ലാത്ത സ്വകാര്യ മേഖലയിലെ 1400-ഓളം സ്‌കൂളുകൾ പൂട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Latest News