ന്യൂദല്‍ഹി- രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെയും ജാതിസംഘര്‍ഷങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തണമെന്ന് പ്രധാനമന്ത്രി നേരന്ദ്രമോഡിക്ക് തുറന്ന കത്ത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) വിദ്യാര്‍ഥികളും ഫാക്കല്‍റ്റി അംഗങ്ങളുമാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
പ്രധാനമന്ത്രിയുടെ മൗനം വിദ്വേഷ പ്രസംഗങ്ങള്‍ക്കും ജാതിസംഘര്‍ഷങ്ങള്‍ക്കും വളമാകുകയാണെന്ന് കത്തില്‍ പറയുന്നു.
മുസ്ലിംകള്‍ക്കെതിരെ ആയുധമെടുക്കണമെന്നും വംശഹത്യ നടത്തണമെന്നും ഏതാനും ഹിന്ദുമത നേതാക്കള്‍ ഈയിടെ നടന്ന ഹരിദ്വാര്‍ ധര്‍മ സന്‍സദില്‍ ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇടപെടണമെന്ന കത്ത്.
മതത്തിന്റേയും ജാതിയുടേയും പേരില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രസംഗങ്ങള്‍ സ്വീകാര്യമാകരുതെന്ന് കത്തില്‍ പറയുന്നു. മതം അനുഷ്ഠിക്കാനും അന്തസ്സോടെ ജീവിക്കാനും ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും അവകാശം നല്‍കുന്നുണ്ടെങ്കിലും രാജ്യത്ത് ഭയം വര്‍ധിക്കുകയാണെന്നും കത്തില്‍ ഒപ്പിട്ടവര്‍ പറയുന്നു. ചര്‍ച്ചുകള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങളും കത്തില്‍ എടുത്തുപറഞ്ഞു. മുസ്ലിം സഹോദരീ സഹോദരന്മാര്‍ക്കെതിരെ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്യുന്നത് യാതൊരു ഭയവുമില്ലാതെയാണെന്നും 13 ഫാക്കല്‍റ്റി അംഗങ്ങളടക്കം 183 പേര്‍ ഒപ്പുവെച്ച കത്തില്‍ പറയുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റ്ിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും ഫാക്കല്‍റ്റ് അംഗങ്ങളുമാണ് കത്തെഴുതിയത്.