തിരുവനന്തപുരം- മതപ്രബോധകൻ എം.എം അക്ബറിനെതിരായ പോലീസ് നടപടി ചോദ്യം ചെയ്യുമെന്നും കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാറിനെ പോലെ തന്നെ സംസ്ഥാന സർക്കാറും പെരുമാറുകയാണെങ്കിൽ ശക്തമായ ജനാധിപത്യ പ്രതിഷേധം ഉയരുമെന്നും മുസ്്‌ലിം ലീഗ് നേതാവും എം.എൽ.എയുമായ കെ.എം ഷാജി.
മതപ്രബോധകരെ തീവ്രവാദികളാക്കാനുള്ള പിണറായി സർക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണ് എം.എം അക്ബറിന്റെ അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു. അക്ബറിനെതിരായ നീക്കം ഉണ്ടായ സമയത്ത് തന്നെ മുഖ്യമന്ത്രിയോടും, ഡി ജി പിയോടും ന്യൂനപക്ഷ വേട്ടയുടെ അപകടത്തെ കുറിച്ച് പറഞ്ഞിരുന്നു.
അടുത്ത ദിവസം നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്.നിയസഭയിൽ എം എം അക്ബറിനെതിരായ പോലീസ് നടപടി ചോദ്യം ചെയ്യും.ഫാഷിസ്റ്റുകളുടെ താത്പര്യത്തിനനുസരിച്ചു മാത്രമേ പോലീസ് പെരുമാറൂ എന്ന അപകടകരമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.ഈ കേസും എൻ.ഐ.എക്കു കൈമാറിയത് ബീഫ് വിളംബരം നടത്തി അധികാരത്തിൽ വന്ന പിണറായിയുടെ പോലീസ് ആണെന്നതാണ് ഐറണി.
സംഘ്പരിവാറിനെ കാണുമ്പോൾ കുനിഞ്ഞു നിൽക്കുകയും ന്യൂനപക്ഷങ്ങളെ കാണുമ്പോൾ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പോലീസ് നയം ഭരണകൂട ഭീകരതയുടെ ഇസ്ലാമോഫോബിക് വേർഷനാണ്.ഇത്തരം നടപടികളിലൂടെ ന്യൂനപക്ഷങ്ങൾക്കിടയിൽ അരാജകത്വം സൃഷ്ടിച്ചു അതുവഴിയുള്ള രാഷ്ട്രീയ മുതലെടുപ്പാണ് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യമെങ്കിൽ അതനുവദിക്കുന്ന പ്രശ്‌നമില്ലെന്നും ഷാജി വ്യക്തമാക്കി.