ഹൈദരാബാദ്- ഇസ്ലാമിക പ്രബോധകൻ എം.എം അക്ബറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓസ്‌ട്രേലിയയിൽനിന്ന് ദോഹയിലേക്ക് മടങ്ങുന്നതിനിടെ ഹൈദരാബാദ് പോലീസാണ് എം.എം അക്ബറിനെ അറസ്റ്റ് ചെയ്തത്. തന്നെ അറസ്റ്റ് ചെയ്ത കാര്യം എം.എം അക്ബർ തന്നെ ഭാര്യയെ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് മീഡിയ വൺ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. എം.എം അക്ബറിനെ ഉടൻ കേരള പോലീസിന് കൈമാറുമെന്ന് ഹൈദരാബാദ് പോലീസ് അറിയിച്ചു. അക്ബറിന്റെ നേതൃത്വത്തിലുള്ള പീസ് സ്‌കൂളുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് കേരള പോലീസാണ് എം.എം അക്ബറിനെതിരെ കേസെടുത്തത്. മതം മാറിയ ശേഷം സിറിയയിലെക്ക് കടന്നതായി പറയപ്പെടുന്ന പെൺകുട്ടി എം.എം അക്ബറിന്റെ സ്‌കൂളിൽ ജോലി ചെയ്തിരുന്നുവെന്നതടക്കമുള്ള കാര്യങ്ങളാണ് അക്ബറിനെതിരെ കേസെടുക്കാൻ കേരള പോലീസിനെ പ്രേരിപ്പിച്ചത്. പീസ് സ്‌കൂളിൽ ദേശവിരുദ്ധമായ കാര്യങ്ങൾ പഠിപ്പിക്കുന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഏറെക്കാലമായി ഖത്തറിലാണ് എം.എം അക്ബർ കഴിയുന്നത്.
രാജ്യവിരുദ്ധമായ ഒരു കാര്യവും താൻ ചെയ്തിട്ടില്ലെന്നും സാമൂഹ്യബോധവും രാഷ്ട്രസേവനത്തിന് താൽപര്യവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്ന ജോലിയാണ് താൻ നിർവഹിച്ചതെന്നും നേരത്തെ അക്ബർ വ്യക്തമാക്കിയിരുന്നു.
കാസർക്കോട്, കോഴിക്കോട്, എറണാംകുളം ജില്ലകളിൽ നിന്നുള്ള പോലീസുദ്യോഗസ്ഥന്മാരും ഐ.ജി മുതൽ എൻ.ഐ.എ വരെയുള്ള അന്വേഷണ ഏജൻസികളുടെ ഉദ്യോഗസ്ഥന്മാരും എന്നെ മാറിമാറി ചോദ്യം ചെയ്തതാണ്. മണിക്കൂറുകളോളമുള്ള ചോദ്യംചെയ്യലുകളിൽ നിന്ന് അവർക്കൊന്നുംതന്നെ എന്നിൽ ഭീകരതയുണ്ടെന്ന് തോന്നുകയോ അത്തരം നടപടികളിലേക്ക് അവർ തിരിയുകയോ ചെയ്തിട്ടില്ലെന്നും നേരത്തെ ഇത് സംബന്ധിച്ചുയർന്ന വിവാദങ്ങളോട് അക്ബർ പ്രതികരിച്ചിരുന്നു.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിച്ച് ഓഫ് ട്രൂത്തിന്റെ ഡയരക്ടറാണ് എം.എം അക്ബർ. ഇന്ത്യക്കകത്തും പുറത്തും നിരവധി വേദികളിൽ സ്‌നേഹസംവാദങ്ങൾ സംഘടിപ്പിച്ചിരുന്നു. കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സ്‌നേഹസംവാദം മാസികയുടെ പത്രാധിപരുമാണ്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണ്.