കൊല്ലം -ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിൽ എൻ.സി.സി കേഡറ്റുകളെ ശരണം വിളിച്ച് പരിശീലിപ്പിച്ച നടപടി വിവാദമായതിനിടെ, സംഭവത്തിൽ പ്രതിഷേധവുമായി എ.ഐ.എസ്.എഫ് രംഗത്ത്. ഇക്കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് നടത്തിയ ക്യാംപിലാണ് സംഭവമെന്നാണ് വിവരം. വിവിധ കോളജുകളിൽ നിന്നെത്തിയ കേഡറ്റുകളുടെ പരിശീലത്തിനിടെയാണ് സ്വാമിയേ... അയ്യപ്പോ എന്ന് ശരണം വിളിപ്പിച്ച് പരേഡ് നടത്തിച്ചത്. ഇതിന്റെ വീഡിയോ സമുഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കോളജ് മാനേജ്‌മെന്റിനെതിരേയാണ് പ്രതിഷേധം ഉയർന്നത്. സംഭവം മതേതര ജനാതിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് എ.ഐ.എസ്.എഫ് കുന്നത്തൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു.മത നിരപേക്ഷ കലാലയങ്ങൾ സ്വപ്നം കാണുകയും അത് പ്രാവർത്തികമാക്കാൻ പ്രയത്‌നിക്കുകയും ചെയ്യുന്ന കാലത്ത് ഒരു പ്രത്യേക മത വിഭാഗത്തിൻറെ ആചാരങ്ങൾ വിദ്യാർത്ഥികളിലേക്ക് കുത്തി നിറക്കാനാണ് കോളജ് മാനേജ്‌മെൻറ് അതിന് അനുവാദം നൽകിയെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്റും മണ്ഡലം സെക്രട്ടറി അനന്തു മാതിരംപള്ളിൽ ഡി.ബി കോളേജ് യൂണിറ്റ് സെക്രട്ടറി അജയ് കൃഷ്ണ എന്നിവർ അറിയിച്ചു.