ന്യൂദല്‍ഹി- ഹരിദ്വാറില്‍ സംഘടിപ്പിച്ച ധര്‍മസന്‍സദില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തി വിവാദത്തിലായ മതനേതാക്കള്‍ പോലീസുകാരനോടൊപ്പം ചിരിച്ചുകൊണ്ടു നില്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
ഇദ്ദേഹം തങ്ങളുടെ ഭാഗത്തായിരിക്കുമെന്ന് മതനേതാക്കള്‍ പറയുന്നുമുണ്ട്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പോലീസിനു പരാതി ലഭിച്ചതിനു പിന്നാലെ പോലീസിന് എതിര് പരാതി കൈമാറുന്നതാണ് വീഡിയോ.
താന്‍ പക്ഷം പിടിക്കില്ലെന്ന് സന്ദേശമാണ് സമൂഹത്തിനു നല്‍കേണ്ടതെന്ന് ഒരു മതനേതാവ് പറയുന്നുണ്ട്.
ഇതിനു പിന്നാലെ നേരത്തെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ യതി നരസിംഹാനന്ദാണ് ഇദ്ദേഹം നമ്മുടെ ഭാഗത്തായിരിക്കുമെന്ന പ്രസ്താവന നടത്തിയത്.
ഹരിദ്വാറില്‍ നടന്ന ധര്‍മ സന്‍സദില്‍ മുസ്്ലിംകളെ ഉന്മൂലനം ചെയ്യണമെന്ന് വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ ജിതേന്ദ്ര നാരായണ്‍ ത്യാഗി, സാധ്വി അന്നപൂര്‍ണ എന്നിവരോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് പോലീസ് നോട്ടീസയച്ചിരുന്നു.
പ്രഭാകരനും ഭിന്ദ്രന്‍ വാലയുമായി മാറി മുസ്്ലിംകള്‍ക്കെതിരെ വാളെടുക്കാനാണ് ഹരിദ്വാറില്‍ നടന്ന മതസമ്മേളനത്തില്‍ ആഹ്വാനമുയര്‍ന്നത്.
ഉത്തര്‍പ്രദേശ് ശിയാ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന വസീം റിസ് വിയാണ് മതംമാറി ജിതേന്ദ്ര നാരായണ്‍ ത്യാഗിയായി മാറിയത്.
റിസ് വിയോടും സാധ്വി അന്നപൂര്‍ണയോടും ഹാജരാകാന്‍ ആവശ്യപ്പെട്ട നോട്ടീസയച്ചകാര്യം ഹരിദ്വാര്‍ കോട്് വാലി പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ രാകേന്ദര്‍ സിംഗ് കതൈതാണ് അറിയിച്ചത്.
ഹരിദ്വര്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയ ധരംദാസിനും നോട്ടീസയക്കുമെന്ന് പോലീസ് പറഞ്ഞു.
അതിനിടെ, ഒരു മൗലാനാ തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ചാണ് മൗലാനയുടെ പേരു പറയാതെ ധര്‍മ സന്‍സദ് സംഘാടകര്‍ പോലീസിനെ സമീപിച്ചതി.
പുതിയ എഫ്.ഐ.ആര് ഫയല്‍ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് അന്വേഷണത്തെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് പോലീസ് നല്കിയ മറുപടി.
ധര്‍മസന്‍സദ് സംഘാടകര്‍ രൂപീകരിച്ച കോര്‍ കമ്മിറ്റി നല്കിയ പരാതി പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.