റായ്പൂര്‍- ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരില്‍ നടന്ന ധര്‍മ സന്‍സദ് മതസമ്മേളനത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിക്കുകയും ഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിക്കുകയും ചെയ്ത് പ്രസംഗിച്ച ആൾദൈവം കാളീചരണ്‍ മഹാരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഖജ്രാവോയില്‍ നിന്നാണ് ഛത്തീസ്ഗഢ് പോലീസ് കാളീചരണിനെ പൊക്കിയത്. ഇവിടെ ഒരു വാടക വീട്ടില്‍ കഴിയുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിക്കായിരുന്നു അറസ്റ്റ്. പോലീസ് സംഘം ഇദ്ദേഹത്ത് ഇന്ന് റായ്പൂരിലെത്തിക്കുമെന്ന് എസ് പി പ്രശാന്ത് അഗര്‍വാള്‍ പറഞ്ഞു.
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഈ രാജ്യത്തെ നശിപ്പിച്ചുവെന്നും അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്സെയ്ക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു വിവാദ പ്രസംഗം. ഇസ്ലാമിനെതിരേയും അദ്ദേഹം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി. ഇസ്ലാമിന്റെ ലക്ഷ്യം രാഷ്ട്രീയത്തിലൂടെ രാജ്യത്തെ പിടിച്ചടക്കുകയാണ് എന്നും പ്രസംഗിച്ചിരുന്നു.
മത സമ്മേളനത്തില്‍ വിദ്വേഷം പ്രസംഗിച്ചതില്‍ പ്രതിഷേധിച്ച് പരിപാടിയുടെ മുഖ്യരക്ഷാധികാരി മഹന്ത് റാംസുന്ദര്‍ ദാസ് രോഷാകുലനായി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. മഹാത്മാ ഗാന്ധി രാജ്യത്തിനു ജീവത്യാഗം ചെയ്ത ആളാണെന്നും അദ്ദേഹത്തിനെതിരെ ഇത്തരം മോശം വര്‍ത്തമാനം പറയുന്നത് തന്റെ ചെലവില്‍ വേണ്ടെന്നുമായിരുന്ന റാംസു്ന്ദര്‍ ദാസിന്റെ പ്രതികരണം. കാളീചരണിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ മുന്‍ റായ്പൂർ മേയര്‍ പ്രമോദ് ദുബെയാണ് പോലീസില്‍ പരാതി നല്‍കിയത്. രണ്ടു സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റംചുമത്തിയാണ് കേസെടുത്തിരുന്നത്.