ന്യൂദല്‍ഹി- ഹരിദ്വാറില്‍ നല്കിയ ആഹ്വാനത്തില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തന്നെ തൂക്കിലേറ്റാമെന്ന് പ്രസംഗത്തിലൂടെ വിവാദം സൃഷ്ടിച്ച ദസനദേവി ക്ഷേത്രത്തിലെ പുരോഹിതന് യതി നരസിംഗാനന്ദ.
മുസ്ലിംകളെ ഉന്മൂലനം ചെയ്യുന്നതിന് ഹിന്ദു യുവാക്കള്‍ ആയുധമെടുക്കണമെന്ന് ഹരിദ്വാര്‍ മതസമ്മേളനത്തില്‍ നല്കിയ ആഹ്വാനത്തെ ചൊല്ലി പ്രതിഷേധം തുടരുന്നതിനിടെയാണ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന നരസിംഗാനന്ദിന്റെ പ്രസ്്താവന.
താന്‍ പറഞ്ഞതില്‍ ഏതെങ്കിലും കാര്യം തെറ്റാണെങ്കില്‍ തന്നെ തൂക്കിലേറ്റൂ എന്നാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന.
മൗലാനമാരെ കാണാനും സംവാദത്തില്‍ ഏര്‍പ്പെടാനും തയാറാണ്. ഞങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് മൗലാനമാര് തെളിയിച്ചാല്‍ അവര്‍ ഞങ്ങളുടെ തലയെടുക്കണമെന്നില്ല. ഞങ്ങള്‍ തന്നെ അതു ചെയ്യും- നരസിംഗാനന്ദ് കൂട്ടിച്ചേര്‍ത്തു.
മൂന്നു ദിവസത്തെ ഹരിദ്വാര്‍ സമ്മേളനത്തില്‍ ന്യൂനപക്ഷങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ ഹിന്ദു യുവാക്കള്‍ പ്രഭാകരനും ഭിന്ദ്രന്‍വാലയുമായി മാറണമെന്നായിരുന്നു ആഹ്വാനം. തുടര്‍ന്ന് ഇതേ നിലപാട് ആവര്‍ത്തിച്ചും വെല്ലുവിളിച്ചുമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ആവര്‍ത്തിച്ചത്. തന്റെ ന്ിലപാട് ന്യായീകരിക്കാന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കുറിച്ചും ന്യൂനപക്ഷങ്ങളെ കുറിച്ചും കൂടുതല്‍ വിഷലിപ്തമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്.
ഉത്തരാഖണ്ഡിലെ ഹിന്ദു തീര്‍ഥാടന കേന്ദ്രമായ ഹരിദ്വാറില്‍ ഈ മാസം 17 മുതല്‍ 19 വരെയാണ് ധര്‍മസന്‍സദ് സംഘടിപ്പിച്ചിരുന്നത്.
ചിലര്‍ ഇതിനെ വിദ്വേഷ പ്രസംഗമെന്നാണ് വിശേഷിപ്പിക്കുന്നത്. ദുര്യോധനന് പറഞ്ഞതിലാണ് അവര്‍ വിശ്വസിക്കുന്നത്്. അദ്ദേഹത്തിന്റെ രീതികള്‍ വളരെ സമാധാനപരമായിരുന്നു- സ്വാമി അമൃതാനന്ദ് സംഘടിപ്പിച്ച യുട്യൂബ് തത്സമയ പരിപാടിയില്‍ നരസിംഗാനന്ദ് പറഞ്ഞു.