റായ്പൂര്‍- ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരില്‍ കഴിഞ്ഞ ദിവസം നടന്ന ധര്‍മ സന്‍സദ് മതസമ്മേളനത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിക്കുകയും ഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാ ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുകയും ചെയ്ത് പ്രസംഗിച്ച ഹിന്ദു മത നേതാവ് കാളീചരണ്‍ മഹാരാജിനെതിരെ പോലീസ് കേസെടുത്തു. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഈ രാജ്യത്തെ നശിപ്പിച്ചുവെന്നും അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്‌സെയ്ക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു വിവാദ പ്രസംഗം. ഇസ്ലാമിനെതിരേയും അദ്ദേഹം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി. ഇസ്ലാമിന്റെ ലക്ഷ്യം രാഷ്ട്രീയത്തിലൂടെ രാജ്യത്തെ പിടിച്ചടക്കുകയാണ് എന്നായിരുന്നു പ്രസംഗം.
മത സമ്മേളനത്തില്‍ വിദ്വേഷം പ്രസംഗിച്ചതില്‍ പ്രതിഷേധിച്ച് പരിപാടിയുടെ മുഖ്യരക്ഷാധികാരി മഹന്ത് റാംസുന്ദര്‍ ദാസ് രോഷാകുലനായി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. മഹാത്മാ ഗാന്ധി രാജ്യത്തിനു ജീവത്യാഗം ചെയ്ത ആളാണെന്നും അദ്ദേഹത്തിനെതിരെ ഇത്തരം മോശം വര്‍ത്തമാനം പറയുന്നത് തന്റെ ചെലവില്‍ വേണ്ടെന്നും റാംസു്ന്ദര്‍ ദാസ് പ്രതികരിച്ചു. ഇത് സനാതന ധര്‍മമല്ല, ഈ വേദിയില്‍ ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും പരിപാടിക്ക് താനില്ലെന്നും പറഞ്ഞ് അദ്ദേഹം വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.
കാളീചരണിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ മുന്‍ മേയര്‍ പ്രമോദ് ദുബെയാണ് പോലീസില്‍ പരാതി നല്‍കിയത്. രണ്ടു സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റംചുമത്തിയാണ് കേസെടുത്തത്. വിവാദ പ്രാസംഗികനെതിരെ രാജ്യദ്രോഹ കുറ്റവും ചുമത്തണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മോഹന്‍ മര്‍കം ആവശ്യപ്പെട്ടു.