കൊച്ചി- ബ്രസീലിയൻ കുരുമുളകും ഇന്ത്യൻ മാർക്കറ്റിൽ ഇടം കണ്ടെത്തിയതോടെ കേരളത്തിലെ കർഷകർ പ്രതിസന്ധിയിലായി. ബ്രസീലിയൻ കുരുമുളകിന്റെ വരവ് കർഷകരുടെ ഉറക്കം കൊടുത്തുകയാണ്. രാജ്യാന്തര മാർക്കറ്റിൽ ബ്രസീൽ താഴ്ന്ന വിലയ്ക്ക് ചരക്ക് വാഗ്ദാനം ചെയ്തതാണ് ഉത്തരേന്ത്യൻ വ്യവസായികളെ ഇറക്കുമതിയിലേക്ക് പ്രേരിപ്പിച്ചത്. കിലോ 300 രൂപയിൽ താഴ്ന്ന വിലക്കും അവർ ചരക്ക് ഇറക്കി. വിയറ്റ്‌നാം ഭീഷണി നിലനിൽക്കുന്നു. ഇതിനിടയിൽ ജനുവരിയിൽ 2000 ടൺ ചരക്ക് ഇറക്കുമതി നടത്തിയതായി കസ്റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കി. എട്ട് ശതമാനം ഇറക്കുമതി ഡ്യൂട്ടി അടച്ചാണ് അവർ എത്തിച്ചത്. എന്നിട്ടും ആഭ്യന്തര വിലയേക്കാൾ താഴ്ത്തി ഉൽപന്നം വിൽപനക്ക് ഇറക്കിയാലും വ്യവസായികൾക്ക് ലാഭമാണ്. രണ്ടാഴ്ചയിൽ കുരുമുളകിന് ക്വിന്റലിന് 3700 രൂപയുടെ നഷ്ടം നേരിട്ടു. കേരളത്തിലും കർണാടകയിലും വിളവെടുപ്പ് നടക്കുകയാണ്. ചെറുകിട കർഷകർ പുതിയ ചരക്ക് ഇറക്കുന്ന വേളയിലെ വിദേശ ഭീഷണി കാർഷിക മേഖലയുടെ നിലനിൽപ് തന്നെ അവതാളത്തിലാക്കും. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6675-6925 ഡോളറിൽ നിന്ന് 6500-6750 ലേയ്ക്ക് ഇടിഞ്ഞു. വിദേശ കച്ചവടങ്ങൾ കയറ്റുമതി സമൂഹം ശ്രമിച്ചെങ്കിലും കരാറുകൾ ഉറപ്പിച്ചതായി സൂചനയില്ല. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 38,600 രൂപ.
വരണ്ട കാലാവസ്ഥ മൂലം ഹൈറേഞ്ചിൽ ഏലക്ക വിളവെടുപ്പ് അവസാന റൗണ്ടിലാണ്. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ലേലത്തിൽ പിടിമുറുക്കി. ഓഫ് സീസണിൽ വില കയറുമെന്ന കണക്ക് കൂട്ടലിൽ ചരക്ക് സംഭരിക്കുകയാണ് പലരും. പ്രതിവാരം ലേലത്തിന് ഇറങ്ങുന്ന ചരക്ക് വരവ് 600 ടണ്ണായി കുറഞ്ഞു. കയറ്റുമതിക്കാർ ഏകദേശം 100 ടൺ ഏലക്ക സംഭരിക്കുന്നുണ്ട്. വാരാന്ത്യം എസ് റ്റി സി യിൽ വലിപ്പം കൂടിയ ഇനങ്ങൾ കിലോ 1310 രൂപയിലും ശരാശരി ഇനങ്ങൾ 999 രൂപയിലാണ്.
പുതിയ ചുക്ക് വരവ് ടെർമിനൽ മാർക്കറ്റിൽ കനത്തു. ആഭ്യന്തര ഇടപാടുകാരും കയറ്റുമതിക്കാരും ചുക്ക് സംഭരിച്ചെങ്കിലും നിരക്ക് സ്‌റ്റെഡി നിലവാരത്തിൽ നീങ്ങി. പിന്നിട്ട ആറ് മാസമായി കൊച്ചിയി ൽ വിവിധയിനം ചുക്ക് 12,500-13,500 രൂപയിലാണ്.
കൊപ്ര, വെളിച്ചെണ്ണ വിലകൾ തുടർച്ചയായ മൂന്നാം വാരവും സ്‌റ്റെഡി. നാളികേര വിളവെടുപ്പ് പല ഭാഗങ്ങളിലും ഊർജിതമായെങ്കിലും കാര്യമായ വിൽപന സമ്മർദ്ദമില്ല. കൊപ്ര 12,780 രൂപയിലും വെളിച്ചെണ്ണ 19,000 രൂപയിലുമാണ്. വൻകിട മില്ലുകൾ വിപണികളിലേയ്ക്കുള്ള എണ്ണ നീക്കം നിയന്ത്രിക്കുന്നുണ്ട്. ഇതിനിടയിൽ ഭക്ഷ്യയെണ്ണ ഇറക്കുമതി കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് 25 ശതമാനം വർധിച്ചു. മലേഷ്യ കയറ്റുമതി ഡ്യൂട്ടിയിൽ വരുത്തിയ ഇളവുകൾ ഇന്ത്യൻ ഇറക്കുമതിക്കാരെ ആകർഷിച്ചു.
രാജ്യാന്തര റബർ വിപണിയിലെ തളർച്ച തുടരുന്നു. റബറിന് ചൈനീസ് ഡിമാണ്ട് മങ്ങിയത് വിദേശ റബർ മാർക്കറ്റുകളെ പ്രതിസന്ധിയിലാക്കി. ചൈനീസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷം മാത്രമേ വ്യവസായിക ഡിമാന്റ് ഉയരൂ. ടോക്കോം എക്‌സ്‌േചഞ്ചിൽ റബർ കിലോ 167 യെൻ വരെ താഴ്ന്ന ശേഷം 171 ലാണ്. വിനിമയ വിപണിയിൽ യെന്നിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളും നിക്ഷേപകരെ റബറിൽ നിന്ന് പിൻതിരിപ്പിച്ചു. ഇന്ത്യൻ ടയർ കമ്പനികൾ നാലാം ഗ്രേഡ് 12,300 രൂപയ്ക്ക് സംഭരിച്ചു.
സ്വർണ വില പവൻ 22,240 രൂപയിൽ നിന്ന് 22,680 ലേയ്ക്ക് ഉയർന്നു. ഒരു ഗ്രാമിന്റെ വില 2780 രൂപയിൽ നിന്ന് 2835 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1315 ഡോളറിൽ നിന്ന് 1367 ഡോളർ വരെ കുതിച്ച ശേഷം വാരാന്ത്യം 1348 ഡോളറിലാണ്.