തൃശൂര്‍- ഊട്ടി കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ തൃശൂര്‍ സ്വദേശിയുടെ മരണം നാടിനെ നടുക്കി.
തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫീസര്‍ പ്രദീപ് അറക്കല്‍ (37) ആണ് ഊട്ടിക്ക് അടുത്തുള്ള കൂനൂരില്‍ വെച്ചുണ്ടായ ഹെലികോപ്റ്ററില്‍ അപകടത്തില്‍ കൊല്ലപ്പെട്ടത് . ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണര്‍ ആയിരുന്നു വാറന്റ് ഓഫീസര്‍ പ്രദീപ്. 2004 ല്‍ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയില്‍ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷന്‍, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്‌ക്യൂ മിഷനുകള്‍ തുടങ്ങിയ അനേകം മിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. 2018 ലെ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്നും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സുത്യര്‍ഹമായ സേവനമാണ് ഇദ്ദേഹം കാഴ്ച വെച്ചത്. ഒട്ടേറെ ജീവനുകള്‍ രക്ഷപെടുത്തുവാന്‍ സാധിച്ച, പ്രദീപ് ഉള്‍പ്പെട്ട ആ ദൗത്യ സംഘത്തിന് ഇന്ത്യന്‍ പ്രസിഡന്റിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രത്യേക പ്രശംസ നേടാനായിരുന്നു.
ഹെലികോപ്റ്റര്‍ അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് പ്രദീപിന്റെ സ്വദേശമായ പൊന്നൂക്കര ഈ ദുരന്ത വാര്‍ത്ത അറിയുന്നത്. അപകടത്തില്‍ ഛിന്നഭിന്നമായ പ്രദീപിന്റെ മൃതദേഹം ഡിഎന്‍എ ടെസ്റ്റ് നടത്തിയ ശേഷം മാത്രമേ സൈന്യം പ്രദീപിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുക യുള്ളൂ .
പ്രദീപിന്റെ ദുരന്ത വാര്‍ത്തയറിഞ്ഞ് നാടുമുഴുവന്‍ പൊന്നുകരയിലെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.