Sorry, you need to enable JavaScript to visit this website.

മാണിക്യമലരിനെ പറ്റി പിണറായി വിജയൻ; ഹിന്ദു മുസ്ലിം വർഗീയ വാദികൾ ഒത്തുകളിക്കുന്നുവെന്ന്

തിരുവനന്തപുരം- കലക്കെതിരായ അസഹിഷ്ണുതയുടെ കാര്യത്തിൽ മുസ്ലിം-ഹിന്ദു വർഗീയ വാദികൾ ഒന്നാണെന്ന് തെളിയിക്കുന്നതാണ് സമീപകാല സംഭവവികാസങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറെ ചർച്ചയായ മാണിക്യമലരായ പൂവിനെ പറ്റി മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ പ്രതികരിക്കുകയായിരുന്നു. 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 

ഒമർ ലുലു സംവിധാനം ചെയ്യുന്ന 'അഡാർ ലവ്' എന്ന സിനിമയിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനവും അതിൻറെ ദൃശ്യാവിഷ്‌കാരവും വലിയ വിവാദവും ചർച്ചയും ഉയർത്തിയിരിക്കയാണല്ലോ. അതിനിടയിൽ ഈ മാപ്പിളപ്പാട്ടിനെതിരെ ഹൈദരാബാദിൽ ഒരു വിഭാഗം മുസ്ലീം മതമൗലികവാദികൾ രംഗത്തുവന്നിരിക്കയാണ്. പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് അതിൽ കുറച്ചുപേർ ഹൈദരാബാദിലെ ഒരു പൊലീസ് സ്‌റ്റേഷനിൽ പരാതിയും നൽകിയതായി മനസ്സിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ല. സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിത്. അസഹിഷ്ണുത ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാൻ പറ്റില്ല. ഇക്കാര്യത്തിൽ ഹിന്ദുവർഗ്ഗീയവാദികളും മുസ്ലീം വർഗ്ഗീയ വാദികളും തമ്മിൽ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല.

പി.എം.എ ജബ്ബാർ എഴുതിയ ഈ പാട്ട് തലശ്ശേരി റഫീഖിൻറെ ശബ്ദത്തിൽ 1978ൽ ആകാശവാണി സംപ്രേഷണം ചെയ്തിരുന്നു. എന്നാൽ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയാണ് ഈ പാട്ടിന് വലിയ പ്രചാരം നൽകിയത്. 'മാണിക്യമലർ' പതിറ്റാണ്ടുകളായി മുസ്ലീം വീടുകളിൽ, വിശേഷിച്ച് കല്യാണവേളയിൽ പാടി വരുന്നുണ്ട്. നല്ല മാപ്പിളപ്പാട്ടുകളിൽ ഒന്നാണിതെന്ന് പാട്ട് ശ്രദ്ധിച്ചവർക്കറിയാം. മുഹമ്മദ് നബിയുടെ സ്‌നേഹവും ഖദീജാബീവിയുമായുളള വിവാഹവുമാണ് പാട്ടിലുളളത്. മതമൗലികവാദികൾക്ക് അവർ ഏതു വിഭാഗത്തിൽ പെട്ടവരായാലും, എല്ലാതരം കലാവിഷ്‌കാരത്തെയും വെറുക്കുന്നു എന്ന വസ്തുതയാണ് ഈ വിവാദവും നമ്മെ ഓർമിപ്പിക്കുന്നത്. കലകളിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യനു ലഭിക്കുന്ന സന്തോഷവും വിജ്ഞാനവും അവർക്ക് സഹിക്കാൻ കഴിയില്ല. മതമൗലികവാദത്തിനും വർഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയിൽ കലയും സാഹിത്യവും ഉപയോഗിക്കുന്നവർക്കൊപ്പമാണ് നാം നിലകൊള്ളേണ്ടത്.
 

Latest News