കൊണ്ടോട്ടി- ഹജ് അപേക്ഷകര്‍ക്ക് അടിയന്തിരമായി പാസ്‌പോര്‍ട്ട് ലഭ്യമാക്കാന്‍ മുഴുവന്‍ പാസ്‌പോര്‍ട്ട് ഓഫിസ് കേന്ദ്രങ്ങള്‍ക്കും വിദേശ കാര്യ വകുപ്പിന്റെ നിര്‍ദേശം. 2022 ജനുവരി 31 വരെയാണ് സംസ്ഥാന ഹജ് കമ്മറ്റിക്ക് കീഴില്‍ ഹജിന് പോകാന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഹജ് അപേക്ഷകര്‍ക്ക് 2022 ഡിസംബര്‍ 31 വരെ കാലവധിയുള്ള മെഷിന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് വേണമെന്ന് കേന്ദ്ര ഹജ് കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഹജ് ആവശ്യവുമായി എത്തുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് കാലതാമസമില്ലാതെ നല്‍കണമെന്നാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ ഇതിനായി പ്രത്യേക കൗണ്ടര്‍ ഒരുക്കി നോഡല്‍ ഓഫീസറെ നിയമിക്കണം.ഹജ് അപേക്ഷകരുടെ പാസ്‌പോര്‍ട്ടിന് പോലിസ് വെരിഫിക്കേഷന്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ പോലിസ് ഉദ്യോഗസ്ഥരോടും നിര്‍ദേശിക്കണം. പാസ്‌പോര്‍ട്ടിന്റെ പേരില്‍ ഹജ് അപേക്ഷ നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവരുതെന്നും നിര്‍ദേശത്തിലുണ്ട്.
കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയില്‍ നിന്നുള്ള ഹജ് അപേക്ഷകര്‍ക്ക് ഹജിനു പോകാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞവര്‍ക്കും പാസ്‌പോര്‍ട്ട് ഇതുവരെ എടുക്കാത്തവര്‍ക്കും വിദേശ കാര്യ വകുപ്പിന്റെ നിര്‍ദേശം ഏറെ ആശ്വസമാകും.