ഹൈദരാബാദ്- പുറത്തിറങ്ങാനിരിക്കുന്ന ഒരു അഡാറ് ലവ് എന്ന സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തു. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ചില വരികള്‍ പ്രവാചകനെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് ഫാറൂഖ് നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ നല്‍കിയ പരാതിയിലാണ് ഫലക്‌നാമ പോലീസ് സംവിധായകനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരം കേസെടുത്തത്. നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
പരാതിയുമായി എത്തിയ മുസ്‌ലിം ചെറുപ്പക്കാര്‍ പരാതിക്കാധാരമായ വീഡിയോ ഹാജരാക്കിയിരുന്നില്ല. കേസെടുക്കണമെങ്കില്‍ വീഡിയോ ഹാജരാക്കണമെന്ന് പോലീസ് നിലപാടെടുത്തതോടെ സംഘം വീഡിയോ ഹാജരാക്കി വിശദമായ പരാതി നല്‍കി. തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസെടുക്കുകയായിരുന്നു. ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ക്കെതിരെയും കേസെടുത്തെന്ന് വാര്‍ത്ത പ്രചരിച്ചെങ്കിലും സംവിധായകനെതിരെ മാത്രമാണ് കേസെടുത്തതെന്ന് പോലീസ് വിശദീകരിച്ചു.
അഡാര്‍ ലവ് സിനിമയിലെ ഗാനവും അഭിനയിച്ച പ്രിയാ വാര്യരും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറും വന്‍ സ്വീകാര്യത നേടി.
അതിനിടെ, മാണിക്യമലരായ പൂവി എന്ന പാട്ടിനെപ്പറ്റിയുള്ള വിവാദങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും കേസ് നിയമപരമായി നേരിടുമെന്നും സംവിധായകന്‍ ഒമര്‍ ലുലു കൊച്ചിയില്‍ പറഞ്ഞു. ആരോപണത്തില്‍ കഴമ്പില്ലെന്നും വര്‍ഷങ്ങളായി കേരളത്തിലെ മുസ്‌ലിംകള്‍ പാടി വരുന്ന പാട്ടാണിതെന്നുമാണു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നത്. വിവാദമൊഴിവാക്കുന്നതിന് ഈ പാട്ട് സിനിമയില്‍നിന്ന് ഒഴിവാക്കുമെന്നും സൂചനയുണ്ട്.
അതിനിടെ, പാട്ടിനെ പ്രശംസിച്ചും ആര്‍.എസ.്എസിനെ വിമര്‍ശിച്ചും ഗുജറാത്തിലെ ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി രംഗത്തെത്തി.
വാലന്റൈന്‍സ് ദിനത്തിനെതിരെ രംഗത്തുവന്ന ആര്‍.എസ്.എസിനുള്ള മറുപടിയാണ് ഈ പാട്ടെന്നു മേവാനി ട്വിറ്ററില്‍ കുറിച്ചു. വെറുക്കാനല്ല, സ്‌നേഹിക്കാനാണു തങ്ങള്‍ക്ക് ഇഷ്ടമെന്ന് ഇന്ത്യക്കാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.