ബിഹാറിലെ മുസഫർപൂരിൽ ആർ എസ് എസ് പ്രവർത്തകരെ അഭിസംബോധന ചെയ്യവെ ഇന്ത്യയുടെ ധീരസേനാവിഭാഗങ്ങളെ ഒന്നടങ്കം അപമാനിക്കുന്ന പരാമർശമാണ് ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് നടത്തിയത് എന്ന് പറയാതെ വയ്യ.
രാഷ്ട്രീയ സ്വയംസേവാ സംഘിന് ഇന്ത്യൻ സൈന്യത്തേക്കാൾ വേഗത്തിൽ അതിന്റെ സ്വയംസേവകരെ യുദ്ധസജ്ജരാക്കാൻ കഴിയുമെന്ന അർഥശൂന്യവും അസംബന്ധജടിലവുമായ അവകാശവാദമാണ് അദ്ദേഹമുയർത്തിയത്. അത്യന്തം ആപൽക്കരവും ഇന്ത്യൻ സൈന്യത്തോടുള്ള അങ്ങേയറ്റത്തെ അനാദരവുമാണ് ഈ വാക്കുകൾ.
മോഹൻ ഭാഗവതിന്റെ വാക്കുകൾ വളച്ചൊടിച്ച് ദുർവ്യാഖ്യാനം ചെയ്തതാണെന്ന വിധത്തിൽ ആർ എസ് എസ് വൃത്തങ്ങളും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവടക്കം ബി ജെ പി നേതൃത്വവും രംഗത്തുവന്നെങ്കിലും ഇന്ത്യൻ സേനയ്ക്കുമേൽ അത് കനത്ത പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജമ്മുവിലെ സുഞ്ചുവാനിൽ ഇന്ത്യൻ സേനാതാവളത്തിനുനേരെ നടന്ന ഭീകരാക്രമണത്തിന്റെയും ധീരരക്തസാക്ഷിത്വത്തിന്റെയും പശ്ചാത്തലത്തിൽ വേണം ആർഎസ്എസ് സർസംഘ്ചാലകിന്റെ ജൽപനങ്ങൾ വിലയിരുത്തപ്പെടേണ്ടത്.
രാജ്യത്തിന്റെ വടക്കും പടിഞ്ഞാറും അതിർത്തികളിൽ ഇന്ത്യൻ സുരക്ഷാസേനയ്ക്കുനേരെ കടന്നാക്രമണത്തിന്റെ ഭീഷണി നിലനിൽക്കെയാണ് സൈന്യത്തിന്റെ പ്രതിരോധപ്രത്യാക്രമണ സജ്ജതയിൽ സംശയം ഉന്നയിക്കുന്ന പരാമർശം ഉയർന്നിരിക്കുന്നത്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സേനയായി കരുതപ്പെടുന്ന ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് പകരംവെയ്ക്കാൻ പോന്നതാണ് ആർ എസ് എസ് എന്ന അവകാശവാദമാണ് മോഹൻഭാഗവത് ഉന്നയിച്ചിരിക്കുന്നത്. ഇത് രാജ്യത്തോടും അതിന്റെ സൈന്യത്തോടുമുള്ള അനാദരവും അവഹേളനവുമാണ്. അത് പിൻവലിച്ച് രാജ്യത്തോട് പരസ്യമായി മാപ്പുപറയാൻ മോഹൻ ഭാഗവതും ആർഎസ്എസും തയാറാകുന്നില്ലെങ്കിൽ രാജ്യദ്രോഹക്കുറ്റത്തിന് സർസംഘ് ചാലകിന്റെ പേരിൽ കേസെടുത്ത് വിചാരണ ചെയ്യേണ്ടതാണ്. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ച് പാലക്കാട് സ്‌കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി തങ്ങളാണ് രാഷ്ട്രമെന്ന് പ്രഖ്യാപിച്ച ധിക്കാരത്തിന്റെ പിന്തുടർച്ചയായി മാത്രമെ മോഹൻ ഭാഗവതിന്റെ മുസഫർപൂർ പ്രസംഗത്തെ നോക്കിക്കാണാനാവൂ.
വെയിലും മഞ്ഞുമേറ്റ് അങ്ങേയറ്റം പ്രതികൂലമായ കാലാവസ്ഥയിലും സാധാരണക്കാർക്ക് അപ്രാപ്യവും ദുർഘടവുമായ ഭൂപ്രദേശങ്ങളിലാണ് ഇന്ത്യൻസേന രാജ്യത്തിന്റെ അതിർത്തിയും അതിന്റെ രാഷ്ട്രീയ പരമാധികാരവും ഉയർത്തിപ്പിടിച്ച് നൂറ്റിയിരുപത്തിയഞ്ച് കോടിയിൽപരം വരുന്ന ഇന്ത്യൻ പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ആ ത്യാഗനിർഭരവും ധീരോദാത്തവുമായ ദൗത്യത്തെയാണ് മോഹൻ ഭാഗവത് തന്റെ ഉത്തരവാദിത്തരഹിതമായ ജൽപനങ്ങളിലൂടെ അർഥരഹിതമായ വിധം നിസ്സാരവൽക്കരിച്ചിരിക്കുന്നത്.
ആർ എസ് എസ് ഒരു സാംസ്‌കാരിക സംഘടനയാണെന്നും കുടുംബ സംഘടനയാണെന്നും മറ്റുമുള്ള അവരുടെ അവകാശവാദത്തിന്റെ നിഷേധം കൂടിയാണ് മുസഫർപൂർ പ്രസംഗം. ഒളിഞ്ഞും തെളിഞ്ഞും ദൈനംദിന സായുധപരിശീലനം നടത്തുന്ന അർധസൈനിക ഫാസിസ്റ്റ് സംഘടനയാണ് ആർഎസ്എസ് എന്നതിന്റെ പരോക്ഷ സ്ഥിരീകരണമാണ് അതിന്റെ മേധാവി നടത്തിയിരിക്കുന്നത്. അവർ രാജ്യത്തുടനീളം നടത്തിക്കൊണ്ടിരിക്കുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് സൈനിക മാന്യതയുടെ പരിവേഷം പകർന്നു നൽകാനുള്ള പരിശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ വീമ്പിളക്കൽ.
വെയിലും മഞ്ഞുമേറ്റ് അങ്ങേയറ്റം പ്രതികൂലമായ കാലാവസ്ഥയിലും സാധാരണക്കാർക്ക് അപ്രാപ്യവും ദുർഘടവുമായ ഭൂപ്രദേശങ്ങളിലാണ് ഇന്ത്യൻസേന രാജ്യത്തിന്റെ അതിർത്തിയും അതിന്റെ രാഷ്ട്രീയ പരമാധികാരവും ഉയർത്തിപ്പിടിച്ച് നൂറ്റിയിരുപത്തിയഞ്ച് കോടിയിൽപരം വരുന്ന ഇന്ത്യൻ പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ആ ത്യാഗനിർഭരവും ധീരോദാത്തവുമായ ദൗത്യത്തെയാണ് മോഹൻ ഭാഗവത് തന്റെ ഉത്തരവാദിത്തരഹിതമായ ജൽപനങ്ങളിലൂടെ അർഥരഹിതമായ വിധം നിസ്സാരവൽക്കരിച്ചിരിക്കുന്നത്. തങ്ങളും തങ്ങളുടെ അബദ്ധജടിലമായ പ്രത്യയശാസ്ത്രവുമൊഴികെ മറ്റെല്ലാം രാഷ്ട്രവിരുദ്ധവും ദേശദ്രോഹപരവുമാണെന്ന സങ്കുചിത കാഴ്ചപ്പാടിൽ നിന്നാണ് അത്തരം ചിന്തകളും ജൽപനങ്ങളും ഉടലെടുക്കുന്നത്. നിരായുധരും നിരപരാധികളുമായ സാധാരണക്കാരെയും മതന്യൂനപക്ഷങ്ങളെയും വർഗീയ വിദ്വേഷത്തിന്റെ മുൾമുനയിൽ നിർത്തി വേട്ടയാടുന്നതും കൊന്നൊടുക്കുന്നതും പോലെ രാജ്യാതിർത്തി സംരക്ഷിക്കാനാവുമെന്ന മിഥ്യാധാരണയാണ് ആർഎസ്എസ് രാജ്യത്തിന്റെ പ്രതിരോധ കാര്യത്തിൽ വെച്ചുപുലർത്തുന്നത്.
സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകൾ പിന്നിടുന്ന ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും എല്ലാ മൂല്യങ്ങളെയും പ്രതീകങ്ങളെയും തകർത്ത് തൽസ്ഥാനത്ത് സംഘ്പരിവാറിന്റെ ഹിന്ദുത്വ ദേശീയതയെ പ്രതിഷ്ഠിക്കാനുളള യത്‌നത്തിലാണ് ആർഎസ്എസ്. രാഷ്ട്രപിതാവിന്റെ ഘാതകന് ക്ഷേത്രം പണിയാൻ ശ്രമിക്കുന്നവർക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്നു. രാജ്യത്തിന്റെ ഐക്യത്തിനും ജനാധിപത്യ മതേതര പാരമ്പര്യത്തിനും അടിത്തറ പാകിയ നേതാക്കൾ ശത്രുക്കളായിരുന്നുവെന്ന് അവർ പരസ്പരം തകർക്കാൻ തക്കം പാർത്തിരുന്നവരാണെന്നും വരുത്തി തീർക്കുന്ന പ്രചാരവേലകൾക്ക് പ്രധാനമന്ത്രി തന്നെ നേതൃത്വം നൽകുന്നു.
രാഷ്ട്രത്തിന്റെ അഭിമാനാർഹമായ നേട്ടങ്ങൾ മുഴുവൻ നരേന്ദ്രമോഡിയുടെ ഭരണത്തിന്റെ നാലുവർഷക്കാലത്തെ സംഭാവനകൾ മാത്രമാണെന്ന് വരുത്തിതീർക്കാൻ കൊണ്ടുപിടിച്ചുള്ള പാഴ്ശ്രമങ്ങൾ നടക്കുന്നു.