Sorry, you need to enable JavaScript to visit this website.

അപൂർവരോഗം ബാധിച്ച മൂന്നു വയസ്സുകാരിയെ സഹായിക്കാൻ ജനകീയ കമ്മിറ്റി

കണ്ണൂർ-അപൂർവ രോഗം ബാധിച്ച മൂന്നു മാസം പ്രായമായ പിഞ്ചു കുഞ്ഞിനെ രക്ഷിക്കാൻ സഹായ അഭ്യർഥനയുമായി ജനകീയ കമ്മിറ്റി പ്രവർത്തനം തുടങ്ങി. കണ്ണൂർ ജില്ലയിൽ ചെമ്പിലോട്  ഇരിവേരിയിലെ കെ.വി.സിദ്ദീഖ് - കെ.ഷബാന ദമ്പതികളുടെ മകൾ ആമിന ഇഫ്‌റത്താണ് സ്‌പൈനൽ മസ്‌ക്യുലാർ അട്രോഫി ബാധിച്ച് ചികിത്സാ സഹായം തേടുന്നത്. ബാംഗ്ലൂർ മണിപ്പാൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ടൈപ് വൺ രോഗബാധയുള്ള ഈ കുട്ടിക്ക് ഏതാനും മാസങ്ങൾക്കകം ഇതിനാവശ്യമായ ചികിത്സ നൽകണമെന്നാണ് ഡോക്ടർമാർ നിർദേ ശിച്ചിട്ടുള്ളത്.ബേക്കറി തൊഴിലാളിയായ സിദ്ദീഖിന് എട്ടു സെന്റ് ഭൂമിയും പണി പൂർത്തീകരിക്കാത്ത ഒരു വീടുമാണ് ആകെ സമ്പാദ്യമായുള്ളത്. വീട് നിർമാണത്തിനായി 4 ലക്ഷം രൂപയുടെ കടബാധ്യതയുമുണ്ട്. ഈ കുഞ്ഞിന്റെ മൂത്ത രണ്ട് സഹോദരിമാർ ഇതേ അസുഖം ബാധിച്ച് ഏഴ് മാസം പ്രായമുള്ളപ്പോൾ മരണപ്പെട്ടിരുന്നു. അന്ന് ഈ രോഗം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് 9 വർഷങ്ങൾക്ക് ശേഷമാണ് ഈ കുഞ്ഞു പിറന്നത്.


മെഡിസിൻ നൽകിയാൽ കുട്ടിയെ സാധാരണ നിലയിലേക്ക് എത്തിക്കാൻ സാധിക്കുമെന്നു പരിചരിക്കുന്ന വിദഗ്ധ ഡോക്ടർമാർ പറയുന്നു. പക്ഷേ മരുന്നിന്റെ വിലയും അതിന്റെ അപൂർവതയും ഈ പാവപ്പെട്ട കുടുംബത്തേയും നാട്ടുകാരേയും ആശങ്കപ്പെടുത്തുകയാണ്. 18 കോടി വിലവരുന്ന അപൂർവ മരുന്നായ സോൾജെൻസ്മ ആറ് മാസത്തിനുള്ളിൽ നൽകണം. എങ്കിൽ മാത്രമേ കുട്ടിയെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഇതിന്റെ ചെലവ് ഈ കുടുംബത്തിന് താങ്ങാനാവാത്തതാണ്. സുമനസ്സുകളുടെ സഹായത്തോടെ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണീ കുടുംബവും നാട്ടുകാരും.

ആമിന ഇഫ്‌റത്തിന്റെ ചികിത്സയ്ക്കായി കാനറാ ബാങ്ക് ചക്കരക്കൽ ശാഖയിൽ 110020820136 എന്ന അക്കൗണ്ട് തുറന്നിട്ടുണ്ട്. സി.എൻ.ആർ.ബി 0004698 ആണ് ഐ.എഫ്.എസ്.സി കോഡ്. ഇതിന് പുറമെ ഗൂഗിൾ പേ, പേടിഎം എന്നിവയ്ക്കായി 9539170140 എന്ന നമ്പറുമുണ്ടെന്ന് ചികിത്സാകമ്മിറ്റി ചെയർമാൻ ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദാമോദരൻ, ജനറൽ കൺവീനർ എം.സി.മോഹനൻ എന്നിവർ അറിയിച്ചു.

Latest News