കൊച്ചി- കേന്ദ്രം കൊപ്രയുടെ താങ്ങ് വില പുതുക്കി നിശ്ചയിച്ചു. കുരുമുളകിന്റെ ലഭ്യത ഉയർന്നത് കർഷകരെ വീണ്ടും സാമ്പത്തികമായി തളർത്തി. ഏലക്ക സീസൺ അവസാനഘട്ടത്തിൽ, അറബ് രാജ്യങ്ങളും യൂറോപ്പും രംഗത്ത്. അന്താരാഷ്ട്ര റബർ മാർക്കറ്റിലെ മാന്ദ്യം കേരളത്തിലെ ഉൽപാദകരെയും ബാധിച്ചു. മഞ്ഞലോഹത്തിന്റെ തിളക്കം കുറഞ്ഞു, രാജ്യാന്തര വില 1250 ഡോളറിനെ ലക്ഷ്യമിടുന്നു.
നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ കേന്ദ്രം കൊപ്രയുടെ താങ്ങ് വില പുതുക്കി. മില്ലിങ് കൊപ്രയുടെ താങ്ങ് വില 6500 രൂപയിൽ നിന്ന് 7500 ലേയ്ക്ക് ഉയർത്തി. കൊപ്രയുടെ വിപണി വില 12,780 രൂപയിൽ നീങ്ങവേ മാർക്കറ്റ് നിരക്കിനെക്കാൾ ക്വിന്റലിന് 5280 രൂപ താഴെയാണ് കേന്ദ്രം വില നിശ്ചയിച്ചത്. വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ മാസത്തിന്റെ രണ്ടാം പകുതിയിൽ തേങ്ങയുടെയും കൊപ്രയുടെയും ലഭ്യത ഉയരും. വൻകിട മില്ലുകളിൽ നിന്നുള്ള എണ്ണ നീക്കം കുറവാണ്. എന്നാൽ ചെറുകിട വിപണികളിൽ വിൽപ്പന പ്രതീക്ഷിച്ച പോലെ ഉയരുന്നില്ല. ഇതര പാചകയെണ്ണകളെ അപേക്ഷിച്ച് വെളിച്ചെണ്ണയുടെ ഉയർന്ന വിലയാണ് വിൽപ്പന ചുരുങ്ങാൻ കാരണം. ഗ്രാമീണ മേഖലകളിലെ തേങ്ങാവെട്ടും കൊപ്ര സംസ്‌കരണവും സജീവമാണ്. കൊച്ചിയിൽ വെളിച്ചെണ്ണ വില 19,000 രൂപ.
കുരുമുളകിന് ക്വിന്റലിന് 2100 രൂപയുടെ വില ഇടിവ്. ഇടുക്കി, വയനാട് പത്തനംത്തിട്ട കൊല്ലം ഭാഗങ്ങളിൽ വിളവെടുപ്പ് പുരോഗമിക്കുന്നു. ഇതിനിടയിൽ വ്യവസായികൾ ഇറക്കുമതി ചരക്ക് വിൽപ്പനക്ക് എത്തിച്ചത് വില തകർച്ചയുടെ ആക്കം കൂട്ടി. വെയർ ഹൗസ് ഗോഡൗണുകളിൽ സ്‌റ്റോക്കുള്ള മുളകും വിൽപ്പനക്ക് ഇറങ്ങിയെന്നാണ് വിപണിയിൽ നിന്നുള്ള വിവരം.ഹൈറേഞ്ച് കുരുമുളക് വിലയെ അപേക്ഷിച്ച് താഴ്ന്നാണ് വയനാടൻ മുളകിന്റെ വ്യാപാരം നടന്നത്. എന്നാൽ അതിനെക്കാൾ താഴ്ത്തി ഇറക്കുമതി ചരക്ക് വിറ്റഴിക്കാൻ വ്യവസായികൾ രംഗത്ത് ഇറങ്ങിയത് കർഷകരിൽ സമ്മർദ്ദമുളവാക്കി. ഒലിയോറസിൻ വ്യവസായികൾക്ക് യഥേഷ്ടം മൂപ്പ് കുറഞ്ഞ മുളക് ഇറക്കുമതിക്ക് ഇതിനിടയിൽ കേന്ദ്രം അനുമതി നൽകി. നേരത്തെ ഇതേ അനുമതിയുടെ മറവിലാണ് മൂപ്പ് കൂടിയ കുരുമുളക് അവർ ഇറക്കുമതി നടത്തി ആഭ്യന്തര മാർക്കറ്റ് വില ഇടിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 7100-7400 ഡോളറിൽ നിന്ന് 6675-6925 ലേക്ക് ഇടിഞ്ഞു. കയറ്റുമതിക്കാർ ചെറിയ അളവിൽ ചരക്ക് സംഭരിച്ചു. അതേ സമയം വില ഇടിവ് കണ്ട് അന്തർസംസ്ഥാന വ്യാപാരികൾ രംഗത്ത് നിന്ന് അൽപ്പം പിൻവലിഞ്ഞു. അൺ ഗാർബിൾഡ് കുരുമുളക് 39,700 രൂപയിലും ഗാർബിൾഡ് കുരുമുളക് 41,700 രൂപയിലുമാണ്.
രാജ്യാന്തര റബർ വിപണിയിലെ മാന്ദ്യം ഇന്ത്യൻ വ്യവസായികൾ നേട്ടമാക്കി. വിദേശത്ത് റബർ വില ഇടിഞ്ഞുവെന്ന കാരണം ഉന്നയിച്ച് ആഭ്യന്തര നിരക്ക് ഇടിച്ച് അവർ ഷീറ്റ് സംഭരിച്ചു. ടോക്കോം എക്‌സ്‌ചേഞ്ചിൽ റബറിന് നേരിട്ട തളർച്ച വിട്ടുമാറിയില്ല. ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ യെന്നിന്റെ നീക്കങ്ങളാണ് ഓപ്പറേറ്റർമാരെ റബറിൽ വിൽപ്പനക്ക് പ്രേരിപ്പിച്ചത്. കിലോ 190 യെന്നിലേക്ക് റബർ താഴ്ന്നത് കണ്ട് ഇന്ത്യൻ വ്യവസായികൾ കൊച്ചി, കോട്ടയം വിപണികളിൽ നിരക്ക് താഴ്ത്തി. വാരാവസാനം നാലാം ഗ്രേഡ് 12,350 രൂപയിലും അഞ്ചാം ഗ്രേഡ് 12,100 രൂപയിലുമാണ്. വരണ്ട കാലാവസ്ഥ മൂലം സംസ്ഥാനത്തെ ഒട്ടുമിക്ക തോട്ടങ്ങളിലും ടാപ്പിങ് നിലച്ചു. ശിവരാത്രിക്ക് ശേഷം മഴ ലഭ്യമായാൽ വൈകാതെ ചെറിയ അളവിൽ റബർ വെട്ട് പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ചെറുകിട കർഷകർ.
ഹൈറേഞ്ചിൽ ഏലക്ക വിളവെടുപ്പ് അവസാന റൗണ്ടിലേക്ക് അടുത്തു. പ്രമുഖ ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്ക വരവ് കുറയും മുമ്പായി ആവശ്യമായ ചരക്ക് സംഭരിക്കുകയാണ് ഇടപാടുകാർ. പ്രതിവാരം 700 ടൺ ഏലക്ക ലേലത്തിന് ഇറങ്ങുന്നതിൽ ഏതാണ്ട് 100 ടൺ കയറ്റുമതിക്കാർ സംഭരിച്ചു. ആഭ്യന്തര വ്യാപാരികളും ലേലത്തിൽ പിടിമുറുക്കി. വാരാന്ത്യം നടന്ന ലേലത്തിൽ വലിപ്പം കൂടിയ ഇനങ്ങൾ കിലോ 1256 രൂപയിൽ കൈമാറി.
ടെർമിനൽ മാർക്കറ്റിലേക്കുള്ള പുതിയ ചുക്ക് വരവ് കനത്തു. കയറ്റുമതിക്കാരും ഉത്തരേന്ത്യൻ വ്യാപാരികൾക്ക് ഉൽപ്പന്നം ശേഖരിച്ചിട്ടും വില സ്റ്റഡിയാണ്. വിവിധയിനം ചുക്ക് 12,500-13,500 രൂപ.
സ്വർണ വില കുറഞ്ഞു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 22,480 രൂപയിൽ നിന്ന് 22,720 ലേയ്ക്ക് കയറിയെങ്കിലും പിന്നീട് പവൻ 22,240 രൂപയായി ഇടിഞ്ഞു. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1339 ഡോളറിൽ നിന്ന് 1315 ഡോളറായി. ആഗോള വിപണി 1250 ഡോളറിലേയ്ക്ക് വീണ്ടും തളരാനുള്ള സാധ്യതകൾ തെളിയുകയാണ്.