ചണ്ഡീഗഢ്- പഞ്ചാബില്‍ അഡ്വക്കേറ്റ് ജനറല്‍ എ.പി.എസ്. ഡിയോളിന്റെ രാജി സ്വീകരിച്ച് ചരണ്‍ജിത് സിങ് ഛന്നി സര്‍ക്കാര്‍. പി.സി.സി. അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തിയ നവജോത് സിങ് സിദ്ദുവിന്റെ ആവശ്യത്തിന് വഴങ്ങിയാണ് തീരുമാനം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ച സിദ്ദു, തീരുമാനം പിന്‍വലിക്കണമെങ്കില്‍ സംസ്ഥാന ഡി.ജി.പിയെയും അഡ്വക്കേറ്റ് ജനറലിനെയും നീക്കണമെന്ന ഉപാധി മുന്നോട്ടുവെച്ചിരുന്നു. പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് സിദ്ദു മടങ്ങിവന്നതിനു പിന്നാലെയാണ് അഡ്വക്കേറ്റ് ജനറല്‍ ഡിയോളിന്റെ രാജി മന്ത്രിസഭ അംഗീകരിച്ചത്.
തിങ്കളാഴ്ചയാണ് ഡിയോള്‍ അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്തുനിന്ന് രാജി സമര്‍പ്പിച്ചത്. രാജി ലഭിച്ചെന്ന് സ്ഥിരീകരിച്ചെങ്കിലും കാബിനറ്റ് യോഗത്തിലാകും തീരുമാനം എടുക്കുക എന്നാണ് അറിയിച്ചിരുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഡിയോളിന്റെ രാജി കാബിനറ്റ് അംഗീകരിച്ചതായി ചരണ്‍ജിത് സിങ് ഛന്നി അറിയിച്ചത്.