റിയാദ് - വരും ദിവസങ്ങളിൽ സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു. ഇന്നു മുതൽ ഉത്തര, പശ്ചിമ, മധ്യ സൗദിയിൽ താപനില ഉയരുകയും ചെയ്യും. മണിക്കൂറിൽ 55 കിലോമീറ്ററിലേറെ വേഗത്തിൽ കാറ്റ് ആഞ്ഞുവീശുന്നതിന് സാധ്യതയുണ്ട്. ഇത് ശക്തമായ പൊടിക്കാറ്റിന് ഇടയാക്കും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പകൽ മക്ക പ്രവിശ്യയിലെ ജിദ്ദ, മക്ക, ലൈത്ത്, റാബിഗ് എന്നിവിടങ്ങളിലും മദീന, ഹായിൽ പ്രവിശ്യകളിലും പൊടിക്കാറ്റുണ്ടാകും. ദൃശ്യക്ഷമത ഒരു കിലോമീറ്ററിലും താഴെയായി കുറയും. പൊടിക്കാറ്റ് അൽഖസീം പ്രവിശ്യയിലേക്കും റിയാദ്, കിഴക്കൻ പ്രവിശ്യകളുടെ ഉത്തര ഭാഗങ്ങളിലേക്കും വ്യാപിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഉത്തര അതിർത്തി പ്രവിശ്യ, അൽജൗഫ്, തബൂക്ക്, ഹായിൽ എന്നീ പ്രവിശ്യകളിലും മദീന പ്രവിശ്യയുടെയും ഹഫർ അൽബാത്തിന്റെയും കിഴക്കൻ പ്രവിശ്യയുടെയും വടക്കു ഭാഗങ്ങളിലും കനത്ത മഴക്കും സാധ്യതയുണ്ട്. അടുത്ത ചൊവ്വാഴ്ച മുതൽ ഉത്തര, പശ്ചിമ സൗദിയിലും പിന്നീട് മധ്യ, കിഴക്കൻ സൗദിയിലും താപനില കുറയും. അടുത്തയാഴ്ചയുടെ തുടക്കം വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് പറഞ്ഞു.