കോട്ടയം - കുറവിലങ്ങാട് പള്ളിയിലെ വിവാദ പരാമര്‍ശത്തില്‍ പാലാ രൂപതാധ്യക്ഷന്‍ ജോസഫ് കല്ലറങ്ങാട്ടിലിനെതിരെ കേസെടുത്ത പോലീസ് അന്വേഷണ നടപടി ആരംഭിച്ചു. ഇതുസംബന്ധിച്ചു കോടതിയില്‍ ഹരജി നല്‍കിയ ഇമാം കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അബ്്്ദുല്‍ അസീസ്്് മൗലവിയോട്്്് പരാതിയില്‍ വിശദമായ മൊഴിരേഖപ്പെടുത്തുന്നതിനായി നാളെ കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചു.
കുറവിലങ്ങാട് പള്ളിയിലെ പ്രസംഗത്തിലൂടെ മതസ്പര്‍ധ വളര്‍ത്തിയെന്നു ചൂണ്ടികാട്ടി അസീസ് മൗലവി നല്‍കിയ ഹരജി പരിഗണിച്ച പാല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്് കോടതിയില്‍ നല്‍കിയ പരാതിയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച അന്വേഷണത്തിന്് ഉത്തരവിട്ടത്്്. തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം കുറവിലങ്ങാട് പോലീസ് കേസെടുത്തത്്.കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ സെപ്റ്റംബര്‍ എട്ടിനായിരുന്നു ബിഷപ്പിന്റെ വിവാദ പ്രസംഗം. പ്രസംഗത്തിലെ നര്‍ക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് ഉള്‍പ്പെടെ ചില പരാമര്‍ശങ്ങള്‍ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നു ഹര്‍ജിയില്‍ ആരോപിച്ചു. കേസില്‍ അഡ്വ. സിപി അജ്മലാണ് കോടതിയില്‍ ഹാജരായത്്.
അതേ സമയം സ്വന്തം വിശ്വാസികള്‍ക്കു ജാഗ്രതാനിര്‍ദേശം നല്‍കിയതിന്റെ പേരില്‍ ബിഷപ്പിനെ കേസില്‍ പെടുത്താനുള്ള നീക്കം സാഹോദര്യ സാമൂഹ്യാന്തരീക്ഷത്തിനു ഭൂഷണമല്ലെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ പറഞ്ഞു.
ബിഷപ്പിനെതിരെ കേസെടുത്തത് ക്രൈസ്തവ സഭകളെ ചൊടിപ്പിച്ചിട്ടുണ്ട്്. പാലാ ബിഷപ്പിനെ പിന്തുണച്ച് കൂടുതല്‍ ക്രൈസ്തവ സഭകള്‍ വരും ദിവസങ്ങളില്‍ മുന്നോട്ടുവന്നേക്കും. പാലാ ബിഷപ്പിന്റെ പ്രസംഗത്തെ അന്ന് സീറോ മലബാര്‍ സഭയിലെ ചങ്ങനാശേരി ഉള്‍പ്പടെയുളള സഭാധ്യക്ഷന്‍മാര്‍ പിന്തുണച്ചിരുന്നു.
പാലാ ബിഷപ്പിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവുണ്ടായ സാഹചര്യം ഇമാം കൗണ്‍സില്‍ ഒരുക്കിയതു കേരളത്തിന്റെ മത മൈത്രിയെയും സാമൂഹിക സഹോദര്യത്തെയും തകര്‍ക്കുന്ന നടപടിയാണെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ കുറ്റപ്പെടുത്തി.
സമൂഹത്തിന്റെ നന്മയാണ് ലക്ഷ്യമാക്കുന്നതെങ്കില്‍, ഒറ്റപ്പെടുത്തേണ്ടത് ഈ സമൂഹത്തില്‍ തീവ്രവാദ ചിന്തകള്‍ പ്രചരിപ്പിക്കുകയും വിദ്വേഷം പരത്തുകയും ചെയ്യുന്നവരേയും അവരുടെ വാക്കുകള്‍ കേട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്ന ചിലരെയുമാണ്. അല്ലാതെ, ഗുരുതരമായ ചില രോഗലക്ഷണങ്ങള്‍ കണ്ട് തങ്ങളുടെ സമൂഹത്തിന് മുന്നറിയിപ്പ് നല്‍ കുന്നവരെയല്ല.
ഗുരുതരമായ അപചയങ്ങള്‍ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അതിനെതിരായി മുന്നറിയിപ്പുകള്‍ നല്‍കുന്നവര്‍ക്കെതിരെ പോരാടാനുള്ള തീരുമാനം ഇത്തരം വിഷയങ്ങളെ ഗൗരവമായി വീക്ഷിക്കുന്ന അനേകര്‍ക്ക് ആശങ്കാജനകവും നല്ലവരായ അനേകര്‍ക്കു ദുര്‍മാതൃക നല്‍കുന്നതുമാണ്. മാത്രമല്ല, ഈ പ്രവൃത്തി മതസൗഹാര്‍ദത്തെക്കുറിച്ചുള്ള തെറ്റായ സന്ദേശം നല്‍കുകയും ചെയ്യുന്നു. ഒരേ സമൂഹത്തില്‍ ഒരുമിച്ചായിരിക്കുന്നവര്‍ എന്ന നിലയില്‍ പരസ്പരം പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനും തെറ്റുകള്‍ തിരുത്താന്‍ അന്യോന്യം സഹായിക്കാനും എല്ലാ സമുദായ നേതൃത്വങ്ങള്‍ക്കും കടമയുണ്ട്. ഈ വിവാദത്തില്‍ ക്രിയാത്മകമായ നിലപാടുകള്‍ സ്വീകരിച്ചു സമൂഹത്തില്‍ കടന്നുകൂടിയിട്ടുള്ള ആശങ്കകളെ ഇല്ലായ്മ ചെയ്യാനുള്ള ഉത്തരവാദിത്തമായിരുന്നു ഇമാം കൗണ്‍സില്‍ അടക്കം ഏറ്റെടക്കേണ്ടെതെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.