കൊച്ചി-പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സണ് മാവുങ്കലിനെതിരെ മുന്‍ ജീവനക്കാരി ലൈംഗിക പീഡനത്തിന് പരാതി നല്‍കിയതോടെ മോന്‍സനെതിരെ കൂടുതല്‍ പീഡന പരാതികള്‍ വരുമെന്ന് സൂചന. മോന്‍സന്റെ മസാജിംഗ് സെന്ററിന്റെ ചുമതലക്കാരിയായിരുന്ന യുവതിയാണ് പരാതി നല്‍കിയത്. ഇവിടെ ജോലി ചെയ്തിരുന്നപ്പോള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത റൂറല്‍ ക്രൈം ബ്രാഞ്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തി.
മോന്‍സന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയായിരുന്ന ഈ യുവതിയെ മോന്സണ് ഇടക്കാലത്ത് പുറത്താക്കുകയായിരുന്നു. മസ്സാജിംഗ് കേന്ദ്രത്തില്‍ സൗന്ദര്യ ചികിത്സക്കെത്തിയ ഡിഐജി സുരേന്ദ്രന്റെ ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്നായിരുന്നു പിരിച്ചുവിടല്‍. ഈ യുവതിയും മോന്‍സന്റെ വിശ്വസ്തരായ ജീവനക്കാരും പോക്സോ കേസ് വരുന്നതു വരെ മോന്‍സനെ സഹായിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. വൈകാതെ ജാമ്യത്തിലിറങ്ങുമെന്നാണ് മോന്സണ് ഇവരെ കസ്റ്റഡിയിലിരുന്നുകൊണ്ടു തന്നെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ മോന്സന് രക്ഷപ്പെടാനാകാത്ത വിധം കുരുക്കുകള്‍ മുറുകിയതോടെ അന്വേഷണം തങ്ങളിലേക്കെത്തുന്നുവെന്ന് വ്യക്തമായതോടെയാണ് പലരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് മോന്‍സനെ തള്ളിപ്പറയാന്‍ തുടങ്ങിയത്. ഇതിന്റെ തുടര്‍ച്ചയാണ് യുവതിയുടെ പീഡന പരാതിയെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ കരുതുന്നു.
അതേ സമയം മോന്സണ് മാവുങ്കലിനെതിരെ പോക്സോ പരാതി നല്കിയ പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കിടെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് കളമശ്ശേരി യൂനിറ്റ് കേസെടുത്തു. പെണ്‍കുട്ടിയെ മുറിയിലടച്ചിട്ട് ഡോക്ടമാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി. പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മോന്‍സന്റെ മകന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജനാണ്. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയോടുള്ള മോശം പെരുമാറ്റം കരുതിക്കൂട്ടിയുള്ളതാണെന്ന് പരാതിയുയര്‍ന്നത്.