Sorry, you need to enable JavaScript to visit this website.

ഉമ്മൻചാണ്ടിയെ ആക്രമിച്ച കേസ് വിചാണ മാറ്റി

ഉമ്മൻചാണ്ടി വധശ്രമക്കേസ് വിചാരണക്കായി കണ്ണൂർ അഡീ. സെഷൻസ് കോടതിയിലെത്തിയ സി. കൃഷ്ണൻ ഉൾപ്പെടെയുള്ള പ്രതികൾ.

കണ്ണൂർ- ഏറെ കോളിളക്കം സൃഷ്ടിച്ച, ഉമ്മൻചാണ്ടി ആക്രമണക്കേസിന്റെ വിചാരണ അടുത്ത മാസം 20 ലേക്ക് മാറ്റി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ വെച്ച് സി.പി.എം എം.എൽ.എമാരുടെ നേതൃത്വത്തിൽ വധിക്കാൻ ശ്രമിച്ച കേസിന്റെ വിചാരണ കണ്ണൂർ അസി. സെഷൻസ് കോടതിയിൽ ആരംഭിച്ചപ്പോഴാണ് ഒന്നാം സാക്ഷിയുടെ അഭാവത്തിൽ മാറ്റി വെച്ചത്.
സാക്ഷി വിസ്താരമാണ് ആരംഭിക്കേണ്ടിയിരുന്നത്. സി. കൃഷ്ണൻ ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിലെത്തിയിരുന്നു.


ഇന്നലെ രാവിലെ കേസ് പരിഗണിച്ചപ്പോഴാണ് ഒന്നാം സാക്ഷിയായ, അന്നത്തെ ടൗൺ സി.ഐ സനൽകുമാർ ഹാജരായിട്ടില്ലെന്ന് അറിയിച്ചത്. തുടർന്നാണ് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം അസി. സെഷൻസ് ജഡ്ജ് രാജീവൻ പാച്ചാൽ വിചാരണ മാറ്റിയത്. പി.കെ. ശബരീഷ്, ബിജു കണ്ടക്കൈ, പ്രശോഭ്, ഹമീദ് ഇരിണാവ് തുടങ്ങി 16 പ്രതികൾ ഇന്നലെ കോടതിയിൽ ഹാജരായില്ല. കേസിലെ 12-ാം പ്രതി അഡ്വ. നിസാർ അഹമ്മദ്, 97-ാം പ്രതി കെ.വി. ലക്ഷ്മണൻ എന്നിവർ ഈ കാലയളവിനുള്ളിൽ മരണപ്പെട്ടിരുന്നു.
2013 ഒക്ടോബർ 27 നാണ് കേസിനാസ്പദമായ സംഭവം. കേരള പോലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. നേതാക്കൾ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. കല്ലേറിൽ വാഹനത്തിന്റെ ചില്ല് തകരുകയും ഉമ്മൻ ചാണ്ടിയുടെ നെറ്റിക്ക് മുറിവേൽക്കുകയും ചെയ്തു. കാറിൽ ഒപ്പമുണ്ടായിരുന്ന മന്ത്രി കെ.സി. ജോസഫ്, യൂത്ത് കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ് എന്നിവർക്കും പരിക്കേറ്റിരുന്നു.
തുടർന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സോളാർ കേസിന്റെ പേരു പറഞ്ഞായിരുന്നു ഉമ്മൻചാണ്ടിയെ ആക്രമിച്ചത്.
കേസിൽ 13 ഓളം പേർ പ്രതികളാണ്. ഇവരിൽ 89 പേർ നേരത്തെ കോടതിയിൽ ഹാജരായി കുറ്റപത്രം കൈപറ്റിയിരുന്നു.
പയ്യന്നൂർ എം.എൽ.എയായിരുന്ന സി. കൃഷ്ണൻ, ധർമ്മടം എം.എൽ.എയായിരുന്ന കെ.കെ. നാരായണൻ, ഡി.വൈ.എഫ്.ഐ നേതാവും ഇപ്പോൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിനോയ് കുര്യൻ, പി.കെ. ശബരീഷ്, മുൻ ഡി.വൈ.എഫ്.ഐ നേതാവ് സി.ഒ.ടി. നസീർ തുടങ്ങിയവർ കേസിൽ പ്രതികളാണ്. പിന്നീട് സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട സി.ഒ.ടി നസീർ, കണ്ണൂർ ഗസ്റ്റ്ഹൗസിലെത്തി ഉമ്മൻചാണ്ടിയെ നേരിൽ കണ്ട് ഈ സംഭവത്തിൽ മാപ്പു പറഞ്ഞതും വാർത്താപ്രാധാന്യം നേടിയിരുന്നു. 
                 

Latest News