Sorry, you need to enable JavaScript to visit this website.

ബാബ രാംദേവ് മുഖ്യാതിഥി; ഐ.ഐ.ടി സെമിനാറിൽ നിന്ന് യു.എസ് ഗവേഷണ സ്ഥാപനം പിന്മാറി

ചെന്നൈ- കോടിപതിയായ സ്വാമി ബാബ രാംദേവിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെ തുടർന്ന് മദ്രാസ് ഐ.ഐ.ടിയിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന അന്താരാഷ്ട്ര കാൻസർ സെമിനാറിൽനിന്ന് യു.എസിലെ പ്രമുഖ കാൻസർ ഗവേഷണ സ്ഥാപനമായ എം.ഡി ആൻഡേഴ്‌സൺ കാൻസർ സെന്റർ പിന്മാറി. ഐഐടി മദ്രാസിൽ നടക്കുന്ന ഏഴാമത് അന്താരഷ്ട്ര സെമിനാറിനെ തങ്ങൾ പിന്തുണയ്ക്കുന്നില്ലെന്ന് സെന്റർ വ്യക്തമാക്കി. തങ്ങളുടെ പേരും ലോഗോയും അനുമതിയില്ലാതെയാണ് സംഘാടകർ ഉപയോഗിച്ചതെന്നും അവർ പറയുന്നു. പരിപാടിയുടെ പ്രചാരണ പോസ്റ്ററുകളിൽ നിന്ന് തങ്ങളുടെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

എംഡി ആൻഡേഴ്‌സൺ കാൻസർ സെന്ററിലെ ഫാക്കൽറ്റികൾ പരിപാടിയിൽ പങ്കെടുക്കുന്നത് സ്വന്തം നിലയ്ക്കാണെന്നും അവർ വ്യക്തമാക്കി. സെന്ററിലെ വർഷ ഗാന്ധി, സെൻ പഥക് എന്നിവരാണ് സെമിനാറിന്റെ സംഘാടകരിൽ ഉൾപ്പെട്ടിട്ടുള്ളത്. യോഗയിലൂടെ കാൻസർ സുഖപ്പെടുത്താം എന്നതടക്കമുള്ള രാംദേവിന്റെ അസംബന്ധ പ്രസ്താവനകളാണ് അമേരിക്കൻ ഗവേഷണ സ്ഥാപനത്തെ പരിപാടിയിൽ നിന്ന് പിന്തിരിയാൻ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
 

Latest News