Sorry, you need to enable JavaScript to visit this website.

അദാനിക്കെതിരെ വാർത്ത നൽകി; ഓസ്‌ട്രേലിയൻ  മാധ്യമ സംഘത്തിന് ഇന്ത്യ വീസ നിഷേധിച്ചു

ന്യൂദൽഹി - ഗുജറാത്തി വ്യവസായി ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിന്റെ ഓസ്‌ട്രേലിയയിലെ വൻ കൽക്കരി ഖനന പദ്ധതിക്കെതിരെ ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ (എ.ബി.സി) വാർത്ത നൽകിയതിനെ തുടർന്ന് എബിസിയിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ സംഘത്തിന് ഇന്ത്യ വിസ നിഷേധിച്ചു. സ്വാതന്ത്രാനന്തര ഇന്ത്യയെ കുറിച്ച് പ്രത്യേക റേഡിയോ പരിപാടി ചെയ്യാനാണ് ഇവർ ഇന്ത്യയിലേക്കു വരാനിരുന്നത്. എ.ബി.സിയുടെ നേതൃത്വത്തിലുള്ള നാഷണൽ റേഡിയോയിലെ സംഘത്തിനാണ് വീസ നിഷേധിച്ചത്. സംഘത്തിലെ ഇന്ത്യൻ വംശജയായ റിപ്പോർട്ടർ അമൃത സ്ലീ ഇക്കാര്യം വെളിപ്പെടുത്തി എ.ബി.സി വെബ്‌സൈറ്റിൽ ചൊവ്വാഴ്ച ലേഖനമെഴുതിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഇന്ത്യയിലെ ചരിത്രകാരന്മാർ, മാധ്യമപ്രവർത്തകർ, വിദ്യാഭ്യാസ വിദഗ്ധർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരെ നേരിട്ട് കണ്ട് അഭിമുഖം നടത്തി പരിപാടി തയാറാക്കാനായിരുന്നു വാർത്താ സംഘത്തിന്റെ പദ്ധതി. ഇതിനായി പ്രത്യേക ഗ്രാന്റും ഇവർക്കു ലഭിച്ചിരുന്നു. ഫെബ്രുവരി ആദ്യത്തിലേക്ക് വിമാന ടിക്കറ്റും ബുക്ക് ചെയ്തു. ഡിസംബറിലാണ് വീസയ്ക്ക് അപേക്ഷ നൽകിയത്. എന്നാൽ വീസ ലഭിക്കാൻ കാലതാമസം നേരിട്ടതോടെ പല തവണ ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടു. അപ്പോഴെല്ലാം വീസ ലഭിക്കുമെന്ന ഉറപ്പു മാത്രമാണ് ലഭിച്ചത്. അധികൃതരുമായി ബന്ധപ്പെ്ട്ടപ്പോഴെല്ലാം പരിഗണനയിലാണ് ശരിയാകുമെന്ന് മറുപടികളാണ് ലഭിച്ചത്. യാത്രാ ദിവസം അടുത്തതോടെയാണ് വീസ അപേക്ഷയുടെ നിജസ്ഥിതി അറിയാൻ കൂടുതൽ ശ്രമം നടത്തിയതെന്ന് അമൃത പറയുന്നു.

ഒടുവിൽ ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടപ്പോഴാണ് സംഭവം അറിയുന്നത്. ഒരു പ്രശ്‌നമുണ്ടെന്നും അദാനിയെ കുറിച്ചുള്ള വാർത്തയാണ് അതെന്നുമാണ് ആ ഉദ്യോഗസ്ഥൻ മറുപടി നൽകിയതെന്ന് അമൃത പറയുന്നു. ടിക്കറ്റെടുത്ത യാത്രാ ദിവസം കഴിഞ്ഞു പോയെങ്കിലും എന്തു കൊണ്ട് വീസ നൽകുന്നില്ല എന്നതു സംബന്ധിച്ച് ഇതുവരെ ഇന്ത്യൻ അധികൃതരിൽ നിന്ന് ഔദ്യോഗികമായി മറുപടി ലഭിച്ചിട്ടില്ല. ഔദ്യോഗികമായി വീസ അപേക്ഷ തള്ളിയിട്ടുമില്ല.

ഇന്ത്യയിലെ പരിപാടികളെയും കാണാൻ പോകുന്ന ആളുകളെ കുറിച്ചും വിശദമായ ചോദ്യങ്ങളുമായി അധികൃതരുടെ ഇ-മെയിൽ സന്ദേശവും ലഭിച്ചതായി അമൃത പറയുന്നു. ദൽഹിയിൽ ആരാണ് കൂടെ ഉണ്ടാകുക, ഈ പരിപാടി ഓസ്‌ട്രേലിയയിലെ മാധ്യമ മേഖലയിൽ എത്രത്തോളം പ്രസക്തമാണ് തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ഇന്ത്യൻ അധികൃതർ ഉന്നയിച്ചത്.

ഓസ്‌ട്രേലിയയിലെ കാർമിക്കായിൽ ലോകത്തെ ഏറ്റവും വലിയ കൽക്കരി ഖനി സ്ഥാപിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതിക്കെതിരെ തദ്ദേശീയരും പരിസ്ഥിതി പ്രവർത്തകരുമടക്കം രാജ്യമൊട്ടാകെ പടർന്നു പിടിച്ച പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധങ്ങളെ അവഗണിച്ച് പദ്ധതിയുമായി മുന്നോട്ടു പോകനുള്ള അദാനിയുടെ നീക്കത്തിനെതിരെയാണ് എ.ബി.സി വാർത്ത നൽകിയത്. അദാനിയുടെ നികുതി വെട്ടിപ്പുകളുടെ കഥയും എ.ബി.സി റിപ്പോർട്ടർ സ്റ്റീഫൻ ലോങ് പുറത്തു കൊണ്ടു വന്നിരുന്നു.
 

Latest News