Sorry, you need to enable JavaScript to visit this website.

ഫെയ്‌സ്ബുക്കിന് വലുത് ലാഭം, സുരക്ഷയല്ല; കമ്പനി പച്ചക്കള്ളം പറഞ്ഞെന്ന് മുന്‍ ഉദ്യോഗസ്ഥ

വാഷിങ്ടന്‍- ഫെയ്‌സ്ബുക്കിലെ ഞെട്ടിപ്പിക്കുന്ന ഉള്ളര രഹസ്യങ്ങള്‍ പരസ്യമാക്കുകയും കമ്പനിയുടെ സാമൂഹ്യവിരുദ്ധത തുറന്നു കാട്ടുകയും ചെയ്ത പേരു വെളിപ്പെടുത്താത്ത ആ മുന്‍ ഉദ്യോഗസ്ഥ ഇതാദ്യമായി പരസ്യമായി രംഗത്തെത്തി. ഫെയ്‌സ്ബുക്കില്‍ പ്രൊഡക്ട് മാനേജറായിരുന്ന 37കാരി ഡേറ്റ സയന്റിസ്റ്റ് ഫ്രാന്‍സിസ് ഹൗഗന്‍ ആണിത്. യുഎസ് വാര്‍ത്താ ചാനലായ സിബിഎസിനു നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇവര്‍ ആദ്യമായി താന്‍ ആരാണെന്ന് വെളിപ്പെടുത്തിയത്. 

വിദ്വേഷ പ്രചരണങ്ങളും വ്യാജ വാര്‍ത്തകളും അസത്യങ്ങളും തടയുന്നതിനേക്കാള്‍ ഫെയ്‌സ്ബുക്ക് മുന്‍ഗണന നല്‍കിയത് ലാഭം നേടുന്നതിലായിരുന്നുവെന്ന് ഫ്രാന്‍സിസ് പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോലുള്ള തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ പെണ്‍കുട്ടികള്‍ക്ക് ദോഷകരമാണെന്ന് കമ്പനിക്ക് അറിയാമായിരുന്നു. സുരക്ഷയേക്കാള്‍ ഫെയ്‌സ്ബുക്ക് വീണ്ടും വീണ്ടും മുന്‍ഗണന നല്‍കിയത് ലാഭം കൊയ്യുന്നതിലായിരുന്നു. ഇതിപ്പോള്‍ കുറയുന്നുണ്ട്. നമ്മുടെ സുരക്ഷവച്ച് കൊയ്ത ലാഭത്തിന് അവര്‍ പിഴയൊടുക്കുകയാണ്- ഫ്രാന്‍സിസ് ഹൗഗന്‍ പറഞ്ഞു. 

ഇന്ന് കാണുന്ന രൂപത്തിലുള്ള ഫെയ്‌സ്ബുക്ക് നമ്മുടെ സമൂഹങ്ങളെ ശിഥിലമാക്കുകയാണ്. ലോകത്തൊട്ടാകെ വംശീയ സംഘര്‍ഷങ്ങളുണ്ടാക്കുന്നു. വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രചരണങ്ങളും തടയുന്നതില്‍ പുരോഗതിയുണ്ടെന്ന് കമ്പനി പൊതുജനങ്ങളോട് പച്ചക്കള്ളം പറഞ്ഞതായി ഫ്രാന്‍സിസ് പറഞ്ഞു.

മറ്റു വികാരങ്ങളെ പ്രചോദിപ്പിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ആളുകളെ രോഷാകുലരാക്കാന്‍ കഴിയുമെന്ന് ഫെയ്‌സ്ബുക്ക് തന്നെ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടുതല്‍ പ്രതികരണം ലഭിക്കുന്ന കൊണ്ടന്റുകള്‍ക്ക് വേണ്ടിയാണ് ന്യൂസ് ഫീഡ് അല്‍ഗരിതം തയാറാക്കിയിട്ടുള്ളത്. ഈ അല്‍ഗരിതം തിരുത്തി കൂടുതല്‍ സുരക്ഷിതമാക്കിയാല്‍ ആളുകള്‍ ഫെയ്‌സ്ബുക്കില്‍ അധിക സമയം ചെലവഴിക്കില്ലെന്നും പരസ്യങ്ങളില്‍ വേണ്ടത്ര ക്ലിക്ക് ചെയ്യില്ലെന്നും അങ്ങനെ പണം വരവ് കുറയുമെന്നും ഫെയ്‌സ്ബുക്ക് തിരിച്ചറിഞ്ഞിരുന്നു- അവര്‍ പറഞ്ഞു.

ഫെയ്‌സ്ബുക്കിന്റെ ഉള്ളറ കഥകള്‍ സംബന്ധിച്ച് യുഎസ് പത്രമായ വോള്‍ സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടുകള്‍ ഫ്രാന്‍സിസ് ഹൗഗന്‍ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയതായിരുന്നു. ഇവരുടെ പേര് പത്രം വെളിപ്പെടുത്തിയിരുന്നില്ല. പത്രത്തിനു പുറമെ യുഎസ് സെനറ്റ് അംഗങ്ങള്‍ക്കും ഇവര്‍ ഈ വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെനറ്റ് സമിതി ഇതു പരിശോധിച്ചു വരികയാണ്. ചൊവ്വാഴ്ച സെനറ്റ് സബ്കമ്മിറ്റി മുമ്പാകെ തെളിവു നല്‍കാന്‍ ഫ്രാന്‍സിസ് ഹൗഗന്‍ ഹാജരാകുന്നുണ്ട്. 

ഇന്ത്യയിലെ മോഡി സര്‍ക്കാരിനും ബിജെപിക്കും അനുകൂലമായി ഫെയ്‌സ്ബുക്ക് നിലപാടെടുക്കുന്നതായും നേരത്തെ വോള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

Latest News