കൊച്ചി- ഡി.ജി.പിയുടെ പേരു പറഞ്ഞ് കേസ് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ള സംഘത്തോട് തട്ടിപ്പുവീരന്‍ മോന്‍സന്‍ മാവുങ്കല്‍ കയര്‍ത്ത് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
രണ്ട് മാസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ശ്രീവല്‍സം ഗ്രൂപ്പ് നല്‍കിയ പരാതി അന്വേഷിക്കാനാണ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം മോന്‍സന്‍ താമസിക്കുന്ന എറണാകുളം കലൂരിലെ വീട്ടിലെത്തിയത്.
സംഭാഷണം മുഴുവന്‍ താന്‍ ചിത്രീകരിക്കുമെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയില്ലെന്നും മോന്‍സന്‍ ഉദ്യോഗസ്ഥരോട് പറയുന്നു. ഡി.ജി.പിക്കും ഹൈക്കോടതിയിലും പരാതി നല്‍കുമെന്നും ചേര്‍ത്തലയിലെ വീട്ടില്‍ പോയി പരിസരവാസികളോട് തന്നേക്കുറിച്ച് അന്വേഷിച്ചത് എന്തിനാണെന്നും മോന്‍സന്‍ ചോദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
തന്റെ വീട്ടില്‍ പോയി ഭാര്യയോട് താനുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കാന്‍ എന്താണ് കാര്യമെന്നും ചോദിക്കുന്നുണ്ട്.
ഒരു കേസ് സംബന്ധിച്ച് പരാതി ലഭിച്ചാല്‍ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും, ഡി.ജി.പി അല്ല ആര് പറഞ്ഞാലും താന്‍ കേസ് അന്വേഷിക്കുമെന്നുമാണ് മോന്‍സന് ഡിവൈ.എസ്.പി മറുപടി നല്‍കിയത്.