കോഴിക്കോട്- ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പിന്നീട് പ്രണയത്തിലായ പെണ്‍കുട്ടി ആളില്ലാത്ത സമയം കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തി വെട്ടിലായി. വീട്ടിലെത്തിയ കാമുകന് പെണ്‍കുട്ടി പോലും അറിയാതെ അമ്മയുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച് അര ലക്ഷത്തോളം രൂപ തട്ടുകയായിരുന്നു. അമ്മ പോലീസില്‍ വിവരമറിയച്ചതിനെ തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി കോഴിക്കോട് തങ്ങള്‍സ് റോഡ് സ്വദേശി അര്‍ഫാനെ(21) കസബ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ മോഷണക്കേസുകള്‍ പ്രതിയാണ് അര്ഫാനെന്നും വ്യക്തമായി.
ഇന്‍സ്റ്റഗ്രാം വഴിയാണ് അര്ഫാന് കല്ലായി സ്വദേശിയായ പെണ്‍കുട്ടിയുമായി അടുത്തതും പിന്നീട് പ്രണയത്തിലായതും. വീട്ടില്‍ ആളില്ലാത്ത നേരത്ത് പെണ്‍കുട്ടി അര്‍ഫാനെ വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു. വീട്ടിലെത്തിയ അര്ഫാന് പെണ്‍കുട്ടി പോലും അറിയാതെ അമ്മയുടെ കിടപ്പുമുറിയില്‍ കയറി അവരുടെ ബാഗിലുണ്ടായിരുന്ന എടിഎം കാര്‍ഡും പണവും മോഷ്ടിച്ചു. പിന്നീട് പുറത്തു പോയ അര്ഫാന് കോഴിക്കോട്ടെ വിവിധ എടിഎമ്മുകളില്‍ നിന്നായി 45,500 രൂപ പിന്‍വലിച്ചു. മൂന്ന് ദിവസത്തിനു ശേഷം എടിഎം കാര്‍ഡുകള്‍ തിരികെ വീട്ടില്‍ കൊണ്ടുവെക്കുകയും ചെയ്തു. പണം പിന്‍വലിച്ച വിവരം എസ്എംഎസ് വന്നപ്പോഴാണ് പെണ്‍കുട്ടിയുടെ അമ്മ അറിയുന്നത്. എടിഎം കാര്‍ഡുമായി പുറത്തു പോയിട്ടില്ലെന്നും കാര്‍ഡ് മോഷണം നടത്തിയതായും അമ്മ പോലീസില്‍ പരാതിപ്പെട്ടു. എന്നാല്‍ വീട്ടിലെ വിലപിടിപ്പുള്ള മറ്റു വസ്തുക്കളൊന്നും മോഷ്ടിക്കപ്പെട്ടിട്ടില്ല.
പണം പിന്‍വലിച്ച എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ ഫോണ്‍ രേഖകളും പരിശോധിച്ചാണ് പ്രതി അര്ഫാനെന്ന് പോലീസ് ഉറപ്പിച്ചത്. യുവാവിന്റെ ഫോട്ടോ പോലീസ് കാണിച്ചപ്പോള്‍ തനിക്കോ മകള്‍ക്ക് അറിയില്ലെന്ന് വീട്ടമ്മ പറഞ്ഞു. ഇതിനിടെ മകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് പെണ്‍കുട്ടിയെ മാറ്റി നിര്‍ത്തി ചോദ്യം ചെയ്തെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. എന്നാല്‍ പെണ്‍കുട്ടി അര്‍ഫാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഫോണ്‍ രേഖകളില്‍ നിന്ന് പോലീസ് കണ്ടെത്തി. തെളിവുകള്‍ നിരത്തി പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ചതിയില്‍പ്പെട്ടതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ബിരുദ വിദ്യാര്‍ത്ഥിയാണെന്നും മാതാപിതാക്കള്‍ വിദേശത്താണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവാവ് പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞു.