ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ ഒരു ഹോട്ടലില്‍ അര്‍ധരാത്രി പോലീസ് നടത്തിയ റെയ്ഡിനിടെ വ്യവസായി മരിച്ചു. ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചു കയറിയ പോലീസുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്ന് കുടുംബം പരാതിപ്പെട്ടതോടെ സംഭവത്തില്‍ ആറു പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂര്‍ നഗരത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവം.
കാന്‍പൂര്‍ സ്വദേശിയായ മനീഷ് കുമാര്‍ ഗുപ്തയാണ് മരിച്ചത്. മനീഷ് ഹോട്ടല്‍ മുറിയില്‍ വീണ് മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. റെയ്ഡിനായി പോലീസ് ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ മനീഷിനെ കൂടാതെ മറ്റു രണ്ടു പേര്‍ കൂടി മുറിയിലുണ്ടായിരുന്നു. തങ്ങള്‍ ബിസിനസ് പങ്കാളികളാണെന്നും ഗൊരഖ്പൂരില്‍ ഒരു സുഹൃത്തിനെ കാണാന്‍ എത്തിയതായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
'12.30ന് ഉറങ്ങുന്നതിനിടെ കാളിങ് ബെല്‍ കേട്ടാണ് ഉണര്‍ന്നത്. വാതില്‍ തുറന്നപ്പോള്‍ ഏഴോളം പോലീസുകാരായിരുന്നു. ഇവര്‍ മുറിയില്‍ കയറി ഞങ്ങളോട് ഐഡി കാര്‍ഡ് ചോദിച്ചു. കാണിച്ചു. പിന്നീട് മനീഷിനെ ഉണര്‍ത്തി. ഈ രാത്രി സമയത്ത് എന്തിന് ശല്യമുണ്ടാക്കുന്നുവെന്ന് മനീഷ് ചോദിച്ചതോടെ പോലീസ് ഞങ്ങളെ ഭീഷണിപ്പെടുത്തി. ഒരു പോലീസുകാരന്‍ എന്നെ അടിച്ചു. റൂമിനു പുറത്താക്കി. അല്‍പ്പ സമയത്തിനു ശേഷം മനീഷിനെ വലിച്ചിഴച്ച് പുറത്തു കൊണ്ടു വരുന്നതാണ് കണ്ടത്. മുഖത്താകെ രക്തമുണ്ടായിരുന്നു'- മനീഷ് ഗുപ്തയ്‌ക്കൊപ്പം മുറിയിലുണ്ടായിരുന്ന ഗുഡ്ഗാവ് സ്വദേശി ഹര്‍വീര്‍ സിങ് പറഞ്ഞു.