റിയാദ് - ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് കൂടുതൽ ചികിത്സാ കവറേജ് ഉറപ്പുവരുത്തുന്നതിന് ഏകീകൃത പോളിസി പരിഷ്‌കരിച്ചു. കൗൺസിൽ ഓഫ് കോ- ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് ഡയറക്ടർ ബോർഡ് ചെയർമാനും ആരോഗ്യ മന്ത്രിയുമായ ഡോ. തൗഫീഖ് അൽറബീഅ പുതിയ പോളിസിക്ക് അംഗീകാരം നൽകി.
പൂർണ ദന്ത-മോണ ചികിത്സ, പോളിസി കാലത്ത് ഒരു തവണ ദന്ത ക്ലീനിംഗ്, കുട്ടികൾക്കുള്ള ആർ.എസ്.വി പ്രതിരോധ കുത്തിവെപ്പ്, ശ്രവണ വൈകല്യം മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള പരിശോധന, നവജാത ശിശുക്കളിലെ ഹൃദയവൈകല്യ ചികിത്സ എന്നിവ പുതിയ പോളിസി കവർ ചെയ്യും. അമിത വണ്ണത്തിനുള്ള ഓപ്പറേഷനും പുതിയ പോളിസി പ്രകാരം കവറേജ് ലഭിക്കും.
ബി.എം.ഐയേക്കാൾ 45 ശതമാനം ശരീരവണ്ണം വർധിച്ചാലാണ് അമിത വണ്ണത്തിനുള്ള ഓപ്പറേഷൻ കവറേജ് ലഭിക്കുക. മാനസിക രോഗങ്ങൾ, ഐസൊലേഷൻ ചികിത്സ, സോറിയാസിസ്, വൈദ്യശാസ്ത്രപരമായി ബേബി ഫുഡ് ആവശ്യമുള്ള കുട്ടികൾക്ക് 24 മാസം വരെ ബേബി ഫുഡ് എന്നിവക്കുള്ള ചെലവുകൾക്കും പുതിയ പോളിസി പ്രകാരം കവറേജ് ലഭിക്കും.
ജൂലൈ ഒന്നു മുതൽ പുതിയ പോളിസികൾക്കും പുതുക്കുന്ന പോളിസികൾക്കും പരിഷ്‌കരിച്ച പോളിസി വ്യവസ്ഥകൾ ബാധകമായിരിക്കുമെന്ന് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ സുലൈമാൻ അൽഹുസൈൻ പറഞ്ഞു. പരിഷ്‌കരിച്ച പോളിസി നിലവിൽ വരുന്നതിനു മുമ്പ് ഉണ്ടാക്കുന്ന പോളിസികൾക്ക് അവയുടെ കാലാവധി അവസാനിക്കുന്നതു വരെ പഴയ പോളിസി പ്രകാരമുള്ള കവറേജുകളായിരിക്കും ബാധകം. 2019 ജൂലൈ ഒന്നിനുശേഷം പഴയ പോളിസികൾ ഒരു നിലക്കും അനുവദിക്കില്ല. 2019 ജൂലൈ ഒന്നു മുതൽ മുഴുവൻ പോളിസികൾക്കും പുതിയ പോളിസി വ്യവസ്ഥകൾ ബാധകമായിരിക്കും.
പരിഷ്‌കരിച്ച പോളിസിയിലും പരമാവധി കവറേജ് തുക അഞ്ചു ലക്ഷം റിയാലായി തുടരും. പരിശോധന, രോഗ നിർണയം, ചികിത്സ, മരുന്നുകൾ, ഓപ്പറേഷനുകൾ അടക്കം ആശുപത്രികളിൽ കിടത്തി ചികിത്സിക്കുന്നതിനുള്ള ചെലവ് എന്നിവയെല്ലാം പോളിസി കവർ ചെയ്യും.
ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ലഭിക്കുന്ന സേവന നിലവാരം ഉയർത്തുന്നതിന് ഏകീകൃത പോളിസിയും പോളിസി നിയമാവലിയും മൂന്നു വർഷത്തിൽ ഒരിക്കൽ കൗൺസിൽ പതിവായി പരിഷ്‌കരിക്കാറുണ്ട്. ഇൻഷുറൻസ് പോളിസിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സംശയ നിവാരണങ്ങൾക്കും പരാതികൾ നൽകുന്നതിനും 920001177 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് മുഹമ്മദ് ബിൻ സുലൈമാൻ അൽഹുസൈൻ പറഞ്ഞു.