കോട്ടയം- പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ പ്രസ്താവന സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാനാണെന്നും വസ്തുതകള്‍ ഇല്ലാതെയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും അതിരൂപത സംരക്ഷണ സമിതി വക്താവ് ഷൈജു ആന്റണി. എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഷൈജു ആന്റണി ചോദിച്ചു. ലൗ ജിഹാദിനെയും പുതുതായി നിര്‍മിച്ചെടുത്ത നര്‍ക്കോട്ടിക് ജിഹാദും വഴി സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന കൊടിയ ക്രിമിനല്‍ കുറ്റം ചെയ്ത ബിഷപ്പ് പൊതു സമൂഹത്തിന് ക്ഷമിക്കാന്‍ കഴിയാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് എം.ബി. അമീന്‍ ഷാ ആരോപിച്ചു.
ലൗ ജിഹാദ് പൊളിഞ്ഞപ്പോള്‍ കൃസംഘികള്‍ക്ക് പുതിയ ഒരൂ ചൂണ്ടയിട്ടു കൊടുക്കുകയാണ് ബിഷപ്പ് ചെയ്യുന്നതെന്ന് ഷൈജു കുറ്റപ്പെടുത്തി. ഇനി ഇതില്‍ പിടിച്ച് കയറിക്കോ എന്ന് പറഞ്ഞാണ് ചൂണ്ടയിട്ട് കൊടുക്കുന്നത്. എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ല. പ്രസ്താവനയില്‍ കേസ് എടുത്ത് അദ്ദേഹത്തോടു തന്നെ തെളിവുകള്‍ ചോദിക്കുകയാണ് ചെയ്യേണ്ടത്. നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന് കല്ലറക്കാട്ട് പിതാവ് പറയുകയാണെങ്കില്‍ പിതാവിന്റെ കൈയില്‍ തെളിവുകള്‍ ഉണ്ടാകും. പിതാവ് തെളിവുകള്‍ ഹാജരാക്കട്ടെ. ഇത്തരമൊരു ഗുരുതര ആരോപണം ഉന്നയിക്കും മുമ്പ് ഏറ്റവും ആദ്യം പിതാവ് ചെയ്യേണ്ടിയിരുന്നത് ഇതിനെതിരെ കേസ് കൊടുക്കുകയും തെളിവ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരാക്കുകയുമാണ്. അല്ലാതെ വിശ്വാസികളെ പേടിപ്പിക്കുകയല്ല ചെയ്യേണ്ടിയിരുന്നത്.
വസ്തുതകളുടെ പിന്‍ബലമില്ലാതെ മനുഷ്യരുടെ ഇടയില്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും, മനുഷ്യരെപ്പോഴും എന്റെ സമുദായം മറ്റൊരു സമുദായത്തേക്കാള്‍ മെച്ചമാണെന്നും എന്റെ സമുദായം മാത്രമാണ് ശരിയെന്നുമുള്ള ധാരണയില്‍ ചിന്തിക്കണമെന്നും പാലാ രൂപതയിലെ ബിഷപ്പുമാര്‍ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൈയില്‍ വസ്തുതകള്‍ ഇല്ലാത്തതുകൊണ്ടാണ് താന്‍ കേസ് കൊടുക്കാന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ കൈയില്‍ വസ്തുതകള്‍ ഒന്നും തന്നെ ഉണ്ടാകാന്‍ സാധ്യതയില്ല. ഏകീകരിച്ച ആരാധനാക്രമത്തിനെതിരെ ശക്തമായ അമര്‍ഷത്തിലാണ് വിശ്വാസികള്‍. ഈ സമയത്ത് മറ്റൊരു സാധനം ഇട്ടു കൊടുക്കുകയാണ്. ഇനി ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യും. നേരത്തെ ലൗജിഹാദിനെതിരെ കെ.സി.ബി.സി രംഗത്ത് വന്നപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് സമീപിച്ചെങ്കിലും ഇന്ന് വരെ നല്‍കിയിട്ടില്ലെന്നും ഷൈജു ആന്റണി പറഞ്ഞു.
ആരോപണത്തിന്റെ തെളിവുകള്‍ പാലാ ബിഷപ്പ് ഉടന്‍ വെളിപ്പെടുത്തണം. അതിന് കഴിയില്ലെങ്കില്‍ ഇല്ലാത്ത ലൗ ജിഹാദിനെയും പുതുതായി അദ്ദേഹം നിര്‍മിച്ചെടുത്ത നര്‍ക്കോട്ടിക് ജിഹാദും വഴി സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന കൊടിയ ക്രിമിനല്‍ കുറ്റം ചെയ്ത ബിഷപ്പ് കേരളീയ പൊതു സമൂഹത്തിന് ക്ഷമിക്കാന്‍ കഴിയാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് എം.ബി. അമീന്‍ഷാ ആരോപിച്ചു. ഒരു മതസമുദായത്തിന്റെ വിശുദ്ധ സംജ്ഞയെ പരിഹാസ വാക്കായി ഉപയോഗിച്ച് പച്ചക്കള്ളം പ്രചരിപ്പിച്ച് രണ്ട് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും പടര്‍ത്തി ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്ത പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ അറസ്റ്റ് ചെയ്യാന്‍ കേരളത്തിലെ ഇടതു സര്‍ക്കാര്‍ തയാറാകണം.