Sorry, you need to enable JavaScript to visit this website.

വിദ്വേഷ പ്രചാരണവുമായി പാലാ ബിഷപ്പ് വീണ്ടും,കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ്

കോട്ടയം- കേരളത്തില്‍ ലവ് ജിഹാദിനോടൊപ്പം തന്നെ നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന് പാലാ  ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ക്രിസ്തു മതത്തില്‍ പെട്ട പെണ്‍കുട്ടികളെയും യുവാക്കളെയും ഇതിലൂടെ വഴിതെറ്റിക്കുകയാണെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ട് നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് ബിഷപ്പിന്റെ വിവാദ പരാമര്‍ശം.

ജിഹാദികളുടെ കാഴ്ചപ്പാടില്‍ അമുസ്്‌ലിംകള്‍ നശിപ്പിക്കപ്പെടേണ്ടവരാണ്. ലക്ഷ്യം മത വ്യാപനവും അമുസ്ലിംകളുടെ നാശവും ആകുമ്പോള്‍ അതിന് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ക്ക് പല രൂപങ്ങളും ഉണ്ടാവുന്നുണ്ട്. അത്തരം രണ്ട് മാര്‍ഗങ്ങളാണ് ഇന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ലവ് ജിഹാദും നാര്‍കോട്ടിക് ജിഹാദും. ദുരുപയോഗിക്കുക, മതം മാറ്റുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക, വിശ്വാസ ത്യാഗം ചെയ്യിക്കുക, സാമ്പത്തിക നേട്ടം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടാനാണ് മറ്റു മതത്തില്‍ പെട്ട പെണ്‍കുട്ടികളെ പ്രണയിച്ചോ മറ്റു മാര്‍ഗങ്ങളിലൂടെയോ ജിഹാദികള്‍ വശത്താക്കുന്നത്- ബിഷപ്പ് പറഞ്ഞു.

ലവ് ജിഹാദ് ഇല്ല എന്നു പറയുന്ന രാഷ്ട്രീയക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും ഇതിന് പിന്നില്‍ നിക്ഷിപിത താല്‍പര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മതാന്തര വിവാഹങ്ങള്‍ പള്ളിയില്‍ വെച്ചുള്‍പ്പെടെ നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വിവാഹത്തിനു ശേഷമുണ്ടാവുന്ന കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതിനു പിന്നില്‍ വലിയ തോതിലുള്ള ജിഹാദി പ്രവര്‍ത്തനങ്ങളുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും ബിഷപ്പ് പറഞ്ഞു.
സംഘ്പരിവാറിന്റെ ലൗജിഹാദ് കുപ്രചരണങ്ങള്‍ ശരിവെച്ച് നേരത്തെയും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് രംഗത്തുവന്നിരുന്നു. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് സംഭാവന നല്‍കിയും അദ്ദേഹം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.

 

Latest News