ലഖ്നൗ- മൂന്ന് വര്‍ഷം മുമ്പ് സ്വന്തം ഭാര്യയേയും രണ്ടു പിഞ്ചു മക്കളേയും കൊലപ്പെടുത്തി വീട്ടിനകത്ത് കുഴിച്ചു മൂടിയ ശേഷം താന്‍ കൊല്ലപ്പെട്ടെന്ന് വരുത്തി തീര്‍ക്കാന്‍ മറ്റൊരാളെ കൊന്ന് വ്യാജ മരണ നാടകം നടത്തുകയും ചെയ്തു മുങ്ങിയ യുവാവിനെ പേലീസ് പിടികൂടി. 2018ല്‍ നടന്ന കൂട്ടക്കൊലപാതകം വര്‍ഷങ്ങള്‍ക്കു ശേഷമാണ് പുറത്തുവരുന്നത്. ഗ്രെയ്റ്റര്‍ നോയ്ഡയിലെ ഒരു സ്വകാര്യ ലാബില്‍ ജോലി ചെയ്തിരുന്ന പാത്തോളജിസ്റ്റ് രാകേഷും (34) അദ്ദഹത്തിന്റെ മൂന്ന് കുടുംബാംഗങ്ങളും കാമുകിയുമാണ് അറസ്റ്റിലായത്. യുപി പോലീസില്‍ ചെയ്യുന്ന യുവതിയുമായുള്ള പ്രണയമാണ് യുവാവിനെ ഈ കുട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചത്. കാമുകിക്കൊപ്പം ജീവിക്കാന്‍ സ്വന്തം ഭാര്യയേയും മക്കളേയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ പല ഘട്ടങ്ങളിലും പ്രതിയെ കുടുംബം സഹായിച്ചതായി പോലീസ് പറയുന്നു. രാകേഷിന്റെ പിതാവ് വിരമിച്ച പോലീസുകാരനാണ്.
രാകേഷ് താമസിച്ചിരുന്ന ഗ്രേറ്റര്‍ നോയ്ഡയിലെ വീട്ടിനകത്തെ തറ കുഴിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ ബുധനാഴ്ച മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചു. ചെളിയില്‍ പുതഞ്ഞ് കിടക്കുന്ന കുഞ്ഞു ചെരുപ്പുകളും പോലീസിന് ലഭിച്ചു. രാകേഷിന്റെ രണ്ട് മക്കളില്‍ ഒരാള്‍ക്ക് 18 മാസവും മൂന്ന് വയസ്സുമായിരുന്നു പ്രായം. 2018 ഫെബ്രുവരിയിലാണ് കൊലപാതകം നടത്തിയത്. ശേഷം വീട്ടിനകത്ത് കുഴിവെട്ടി മൃതദേഹങ്ങള്‍ സിമന്റിട്ട് മൂടി. കൊലപാതകം നടത്തിയ ശേഷം ഭാര്യ മക്കളെയും കൊണ്ട് മുങ്ങിയെന്നും അവരെ കുറിച്ച് ഒരു വിവരവുമില്ലെന്നും രാകേഷ് പരാതിപ്പെട്ടിരുന്നതായി കസ്ഗഞ്ച് ജില്ലാ പോലീസ് മേധാവി പ്രമോദ് ബത്രെ പറഞ്ഞു.
കുടുംബം അപ്രത്യക്ഷമായി ഏതാനും മാസങ്ങള്‍ക്ക് ശേഷം രാകേഷിന്റെ ഭാര്യാപിതാവ് രാകേഷിനെതിരെ സ്ത്രീധന പീഡനവും തട്ടിക്കൊണ്ടുപോകലും ആരോപിച്ച് പോലീസ് കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസും രാകേഷ് നല്കിയ കേസും അന്വേഷിച്ചെങ്കിലും മൂന്ന് വര്‍ഷമായി പോലീസിന് ഒരു തുമ്പും ലഭിച്ചിരുന്നില്ല. ഇതിനിടെ പോലീസിനെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതി രാകേഷ് ആസുത്രികമായ ഒരു കൊലപാതകം കൂടി ചെയ്തു. താന്‍ കൊല്ലപ്പെട്ടുവെന്ന് വരുത്തി തീര്‍ക്കാനായി കസ്ഗഞ്ചിലെ തന്നോട് രൂപസാദൃശ്യമുള്ള മറ്റൊരാളെ രാകേഷ് കൊലപ്പെടുത്തുകയും തന്റെ വസ്ത്രങ്ങള്‍ അണിയിച്ച് മൃതദേഹം വെട്ടിമുറിച്ച് അലങ്കോലമാക്കുകയും തലയും കൈകളും കത്തിക്കുകയും ചെയ്തു. മൃതദേഹത്തോടൊപ്പം തന്റെ തിരിച്ചറിയല്‍ രേഖളും രാഷേഷ് ഉപേക്ഷിച്ചുപോയി. ഈ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് രാകേഷിലേക്ക് അന്വേഷണം നീണ്ടത്. ഡിഎന്‍എ പരിശോധനാ ഫലത്തില്‍ മൃതദേഹം രാകേഷിന്റേത് അല്ലെന്ന് മൂന്ന് മാസം മുമ്പാണ് സ്ഥിരീകരിച്ചത്. ഇതാണ് തുമ്പായത്. എന്നാല്‍ ഡിഎന്‍എ ഫലം പുറത്തു വരാന്‍ ഇത്ര കാലതാമസം എടുത്തത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. തെളിവുകള്‍ തേടിയുള്ള പോലീസ് അന്വേഷണം ഒടുവില്‍ രാകേഷിലെത്തുകയായിരുന്നു.
ഹരിയാനയില്‍ ദിലാപ് ശര്‍മ എന്ന വ്യാജ പേരില്‍ കാമുകിക്കൊപ്പം കഴിയുകയായിരുന്നു രാകേഷെന്ന് പോലീസ് പറഞ്ഞു. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഇയാള്‍ പറഞ്ഞിരുന്നത് താന്‍ യുപിയിലെ കുശിനഗര്‍ ജില്ലക്കാരനാണ് എന്നായിരുന്നു. പാത്തോളജിസ്റ്റായതിനാല് വിരലടയാളങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ എങ്ങനെ നശിപ്പിക്കാമെന്ന് പ്രതിക്ക് നന്നായി അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.