Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്ര മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്;  കേന്ദ്ര മന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം

മുംബൈ-കേന്ദ്രമന്ത്രി നാരായണ്‍ റാണയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. റായ്ഗഡിലെ മഹാഡിലെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേന്ദ്രമന്ത്രിക്ക് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ തല്ലണമെന്ന വിവാദ പ്രസ്താവനയെത്തുടര്‍ന്നായിരുന്നു ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ മഹാരാഷ്ട്ര പൊലീസ് നാരായണ്‍ റാണയെ അറസ്റ്റ് ചെയ്തത്. രാത്രിയോടെ റാണയെ കോടതിയില്‍ ഹാജരാക്കിയ പൊലീസ് ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാദം കേട്ട കോടതി ഇത് തള്ളുകയായിരുന്നു. ഒടുവില്‍ എട്ടരമണിക്കൂറിന് ശേഷം കേന്ദ്രമന്ത്രിക്ക് ജാമ്യം നേടി പുറത്തിറങ്ങാനായി.അതേസമയം അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്താകെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് ബിജെപി പദ്ധതി.

മുഖ്യമന്ത്രിയെ തല്ലണമെന്ന പ്രസ്താവനയെ തുടര്‍ന്ന് ശിവേസേനയും ശക്തമായി പ്രതിഷേധിച്ച് രംഗത്തുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സാഹചര്യത്തില്‍ ബിജെപി ശിവസേന ഓഫീസുകള്‍ക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.'ഉദ്ദവ് താക്കറെയ്ക്ക് ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടിയ വര്‍ഷം പോലും അറിയില്ല, ഒരു പ്രസംഗത്തില്‍ അദ്ദേഹം അത് മറന്നുപോയി, താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ തല്ലുമായിരുന്നു' ഇതായിരുന്നു നാരായണ്‍ റാണെയുടെ വിവാദ പ്രസ്താവന. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രിയെ പോലീസ് അറസ്റ്റ് ചെയ്യ്തത്. കേന്ദ്രമന്ത്രിക്കെതിരെ ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന ആവശ്യം ഉച്ചയ്ക്ക് ബോംബെ ഹൈക്കോടതി നിരസിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

Latest News