ദമാം- ഏജന്റിനാൽ വഞ്ചിക്കക്കപ്പെട്ട് സൗദി അറേബ്യയിൽ ദുരിത ജീവിതത്തിലായിരുന്ന കൊല്ലം വെളിയനല്ലൂർ സ്വദേശി അജ്മൽ എന്ന 24കാരൻ പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ അക്ഷീണ പരിശ്രമത്തിനൊടുവിൽ നാട്ടിലെത്തി
ഒന്നരവർഷത്തോളം ഇഖാമ എടുത്തു നൽകാതെയും മെഡിക്കൽ ഇൻഷുറൻസ് ഇല്ലാതിരുന്നതുകൊണ്ട് ഹോസ്പിറ്റലിൽ പോകാനോ മറ്റ് ആവശ്യങ്ങൾക്ക് പുറത്തുപോകാനോ വാക്സിനേഷൻ എടുക്കുന്നതിനോ സൗദി ഗവൺമെന്റിന്റെ തവക്കൽന ആപ്ലിക്കേഷനിൽ അപ്ഡേറ്റ് ചെയ്യുന്നതിനോ അജ്മലിന് സാധിച്ചിരുന്നില്ല. സഹോദരി മരിച്ച സമയത്ത് പോലും ഇഖാമ ഇല്ലാത്തതിനാൽ അജ്മലിന് നാട്ടിൽ പോകാൻ കഴിഞ്ഞില്ല
2020 ഫെബ്രുവരി 18 നാണ് ദമാമിൽ എത്തിയത്. തിരുവനന്തപുരം സ്വദേശിയായ വിസ ഏജന്റ് 50000 രൂപയും ട്രാവൽ ഏജൻസി 45000 രൂപയും സൗദിയിൽ പ്ലാസ്റ്റിക് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തുകൊണ്ട് അജ്മലില്‍നിന്ന് കൈപ്പറ്റിയിരുന്നു.
ജീവിതം പച്ചപിടിക്കുമെന്ന ശുഭപ്രതീക്ഷയിൽ സൗദിയിലെത്തിയ അജ്മലിന് നേരിടേണ്ടിവന്നത് ഇഖാമ പോലും ലഭിക്കാതെയുള്ള ദുരിതജീവിതമായിരുന്നു. ഉപ്പയും ഉമ്മയും ഉമ്മുമ്മയും അടങ്ങിയ നിർധന കുടുംബത്തിലെ അംഗമായ അജ്മൽ കടം വാങ്ങിയ തുക യാണ് ഏജന്റിന് ബാങ്ക് ട്രാൻസ്ഫറിലൂടെ കൈമാറിയത്. തനിക്ക് നഷ്ടമായതുക തിരികെ ലഭിക്കുന്നത്തിനും നഷ്ടപരിഹാരത്തിനും അജ്മൽ നോർക്കയുമായി ബന്ധപ്പെട്ട് കൊല്ലം ഓയൂർ പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
ദമാമിൽ പ്ലാസ്റ്റിക് കമ്പനി ജീവനക്കാരനായി എത്തിയ അജ്മലിന് കമ്പനി ഇഖാമ നൽകാതെ ഒന്നരവർഷത്തോളം തീരാദുരിതം സമ്മാനിക്കുകയും നാട്ടിലുള്ള ഏജൻസി അജ്മലിന്റെ കാര്യത്തിൽ ഇടപെടാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്ലീസ് ഇന്ത്യയുടെ നിരന്തര ഇടപെടൽ കൊണ്ട് അജ്മലിന് നാട്ടിലേക്കുള്ള യാത്ര സാധ്യമായത്. പാസ്പോർട്ടും, എക്സിറ്റ് പേപ്പറും നൽകുകയില്ല എന്ന കമ്പനിയുടെ പിടിവാശിക്ക് മുമ്പിൽ റിയാദ് ഇന്ത്യൻ എംബസിയിൽ നിന്ന് എമർജൻസി പാസ്പോർട്ടും, ജവാസാത്തിൽ നിന്ന് എക്സിറ്റ് പേപ്പറും പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചി സംഘടിപ്പിച്ച് നൽകി. തുടർന്ന് പ്ലീസ് ഇന്ത്യ നോർക്കയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ട്രാവൽസിനെതിരെ നടപടി എടുക്കുകയുണ്ടായി
കമ്പനിയിൽ നിന്നും സൗജന്യമായി കിട്ടുന്ന വിസയ്ക്ക് പ്രവാസികളിൽ നിന്നും ഭീമമായ തുക ഈടാക്കുന്ന ഏജന്റ് മാർക്കും ഏജൻസിക്കമെതിരെ പ്ലീസ് ഇന്ത്യ നോർക്കയ്ക്ക് നിവേദനം സമർപ്പിക്കും
ലത്തീഫ് തെച്ചിയോടൊപ്പം ഈസ്റ്റേൺ പ്രൊവിൻസ് കോർഡിനേറ്റർ രബീഷ് കോക്കല്ലൂർ,ഷാജി കൊമ്മേരി, അനസ്, അഡ്വക്കേറ്റ് ജോസ് എബ്രഹാം, അഡ്വക്കേറ്റ് റിജിജോയ്, അൻഷാദ് കരുനാഗപ്പള്ളി, നീതു ബെൻ, വിജയ ശ്രീരാജ്, മൂസാ മാസ്റ്റർ, സുധീഷ അഞ്ചുതെങ്ങ് എന്നിവർ വിവിധ ഘട്ടങ്ങളിൽ അജ്മലിന്റെ പ്രശ്നപരിഹാരത്തിനായി ഇടപ്പെട്ടു .