മീററ്റ്- രണ്ടു കൗമാരക്കാർ ബൈക്കപടത്തിൽപ്പെട്ട് പരിക്കേറ്റ് റോഡരികിൽ കിടക്കുന്നുവെന്ന വിവരം ലഭിച്ച് കുതിച്ചെത്തിയ പോലീസ് അവരെ വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചില്ല. ഗുരുതരമായി പരിക്കേറ്റ രണ്ടു കുട്ടികളും റോഡരികിൽ കിടന്ന് രക്തംവാർന്ന് മരിച്ചു. രക്തത്തിൽ കുളിച്ചു കിടക്കുന്ന പരിക്കേറ്റ കുട്ടികളെ കയറ്റിയാൽ പോലീസിന്റെ ഇന്നോവ കാർ വൃത്തികേടാകുമെന്നു പറഞ്ഞാണ് സ്ഥലത്തെത്തിയ പോലീസ് കുട്ടികൾ മരിക്കുവോളം കാഴ്ചക്കാരായി നോക്കി നിന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു പോലീസ് മുഖംരക്ഷിച്ചിരിക്കുകയാണ്.
പരിക്കേറ്റവർക്ക് ഉടൻ സഹായം നൽകാൻ ബാധ്യസ്ഥരായ പോലീസ് ഉദ്യോഗസ്ഥർ അവരെ റോഡരികിലിട്ട് വാഹനത്തിൽ കയറ്റാതിരിക്കാനുള്ള ന്യായങ്ങൾ നിരത്തുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. 'ഞങ്ങളുടെ വാഹനം വൃത്തികേടായാൽ ഈ രാത്രി മുഴുവൻ ഞങ്ങൾ എവിടെ ഇരിക്കും?' എന്ന് ഒരു പോലീസുകാരൻ ചോദിക്കുന്നതായും വീഡിയോയിലുണ്ട്. സംഭവം പ്രതിഷേധത്തിനിടയാക്കിയതോടെ ഉടൻ തന്നെ ഹെഡ് കോൺസ്റ്റബ്ൾ ഇന്ദർപാൽ സിങ്, കോൺസ്റ്റബ്ൾമാരായ പങ്കജ് കുമാർ, മനോജ് കുമാർ എന്നിവരെ സസ്പെൻഡ് ചെയ്തു.
പത്താം ക്ലാസ് വിദ്യാർത്ഥികളായ അർപിത് ഖുരാന, സണ്ണി ഗുപ്ത എന്നീ കൗമാരക്കാരാണ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടത്തിൽപ്പെട്ടത്. തൊട്ടടുത്ത അഴുക്കു ചാലിലേക്ക്് തെറിച്ചു വീണ ഇവരെ അതുവഴി കടന്നു പോയവർ പുറത്തെടുത്ത് റോഡരികിൽ കിടത്തിയതായിരുന്നു. അവിടെയുണ്ടായിരുന്നവരാണ് 100ലേക്ക് വിളിച്ച് പോലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് ഇവരെ വാഹനത്തിൽ ആശുപത്രിയിലെത്തിക്കാൻ വിസമ്മതിക്കുകയായിരുന്നു. പരിക്കേറ്റ അർപ്പിതിന്റെ ബന്ധു അടക്കം അവിടെ കൂടിയവർ സഹായത്തിനായി പോലീസിനോട് കേണപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. 'ഞങ്ങളുടെ കാർ അഴുക്കാകും. അവരെ ടെംപോയിൽ കൊണ്ടു പോയ്ക്കോളൂ' എന്ന് ഒരു പോലീസുകാരൻ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.
കുറ്റക്കാർക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും സഹായം ആവശ്യമായവരോട് കാണിച്ച ഈ മനുഷ്യത്വമില്ലാത്ത സമീപനം ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും സഹാറൻപൂർ ഡിഐജി സുനിൽ ഇമ്മാനുവൽ പറഞ്ഞു.