പുര കത്തുമ്പോൾ കഴുക്കോൽ ഊരുന്ന സമീപനമാണ് വിമാന കമ്പനികളും ചില ട്രാവൽ ഏജൻസികളും പ്രവാസികളോട് കാണിക്കുന്നത്. ഏതൊരു സാധനത്തിനും ആവശ്യക്കാരേറുമ്പോൾ വില വർധന സ്വാഭാവികമാണ്. അതു വിപണിയുടെ പൊതുസ്വഭാവമാണ്. ഇക്കാര്യത്തിൽ ആരെയും കുറ്റം പറയാനാവില്ല. പക്ഷേ, അതു മനുഷ്യത്വത്തെ കുഴിച്ചുമൂടിക്കൊണ്ടാവരുത്. ഏതിടപാടുകൾക്കും ലാഭമാവാം. എന്നാൽ ഇരയെ ചൂഷണം ചെയ്തുകൊണ്ടാവരുത്. പ്രവാസികളോട് പൊതുവെ എല്ലാവർക്കും കരുണ കുറവാണ്. സർക്കാരുകൾക്ക് അതു തീരെയില്ല. വിമാന കമ്പനികളുടെ നിലനിൽപു തന്നെ പ്രധാനമായും പ്രവാസികളെ ആശ്രയിച്ചാണെങ്കിലും പലപ്പോഴും കണ്ണിൽ ചോരിയില്ലാത്ത വിധത്തിലാണ് അവരുടെ പെരുമാറ്റം.
ആവശ്യക്കാർ കൂടുന്നുവെന്നു കണ്ടാൽ ടിക്കറ്റ് നിരക്കിന് വെച്ചടി വെച്ചടി കയറ്റും. സീറ്റിലോ മറ്റു സൗകര്യങ്ങളിലോ ഒന്നും വ്യത്യാസമില്ലെങ്കിലും ടിക്കറ്റ് നിരക്കിൽ വ്യത്യാസമുണ്ടാവും. ഒരേ വിമാനത്തിൽ ഒരേ സമയം ഒരേ ക്ലാസിൽ യാത്ര ചെയ്യുന്നവർ വ്യത്യസ്ത നിരക്കായിരിക്കും നൽകിയിരിക്കുന്നത്. ഓരോ ടിക്കറ്റിൻമേലും ചെറിയ വ്യത്യാസമൊന്നുമായിരിക്കില്ല, വലിയ വ്യത്യാസം തന്നെയുണ്ടാവും. അതു പിന്നെ കോടികൾ മുതൽ മുടക്കുള്ള നൂറുകണക്കിനു പേർ ജോലി ചെയ്യുന്ന കോടികൾ ചെലവു വരുന്ന വിമാന കമ്പനികളുടെ കാര്യമായതിനാലും ഭരണ തലത്തിലും വ്യാവസായിക രംഗത്തുമെല്ലാം വൻ സ്വാധീനമുള്ളവരായതിനാലും അതെല്ലാം അനുഭവിക്കുകയും നോക്കി നിന്നു കാണുകയല്ലാതെയും വേറെ നിവൃത്തിയില്ല. എന്നാൽ ട്രാവൽ ഏജൻസികളുടെ കാര്യം അതല്ല. പല ഏജൻസികളും നിലനിൽക്കുന്നത് വ്യക്തിബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും. അവരുടെ പ്രധാന വരുമാന സ്രോതസ്സും പ്രവാസികളാണ്.
പ്രവാസികളുണ്ടെങ്കിലെ അവരിൽ അധികപേർക്കും നിലനിൽപുള്ളൂ. പ്രവാസികളും ഏജൻസികളും പരസ്പര സഹായപൂരകങ്ങളാണ്. അങ്ങനെയുള്ളവർ സാഹചര്യങ്ങൾക്കനുസരിച്ച് മനുഷ്യത്വത്തോടെയും വിട്ടുവീഴ്ചാ മനോഭാവത്തോടെയും പരസ്പരം സഹായിച്ചും വേണം പെരുമാറാൻ. ഈ മനോഭാവത്തോടെ പ്രവർത്തിക്കുന്ന നിരവധി ഏജൻസികളുണ്ട്. എതുകൊണ്ട് എല്ലാവരെയും അടച്ചു ആക്ഷേപിക്കാനോ കുറ്റപ്പെടുത്താനോ ആവില്ല. എന്നാൽ ചില വിരുതൻമാരുണ്ട്. കിട്ടിയ അവസരം മുതലാക്കുന്നവർ. പ്രവസികളുണ്ടെങ്കിലേ തങ്ങൾക്കും നിലനിൽപുള്ളൂവെന്ന് പോലും മറന്നു പെരുമാറുന്നവർ. അത്തരക്കാർ സാഹചര്യങ്ങൾ മനസ്സിലാക്കി പെരുമാറുന്നവരല്ല. മോൻ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീരു കാണണമെന്ന നിലയിൽ പെരുമാറുന്നവരാണ്.
കോവിഡ് പ്രതിസന്ധിയുടെ നീരാളിപ്പിടിത്തത്തിലാണ് എല്ലാ മേഖലയും. വർഷം രണ്ടാവാറായിട്ടും ഇതിൽനിന്നു മോചനം ആയിട്ടില്ല. നഷ്ടങ്ങളുടെ കണക്കേ എവിടെയും കേൾക്കാനുള്ളൂ.
ഇക്കാര്യത്തിൽ മറ്റാരേക്കാളും പ്രയാസത്തിലായവർ പ്രവാസികളാണ്. പലവിധ കാരണങ്ങളാൽ തൊഴിലിടങ്ങളിലേക്ക് മടങ്ങിപ്പോകാനാവാതെ മാസങ്ങളായി നാട്ടിൽ കുടുങ്ങിക്കിടക്കുന്നത് പതിനായിരങ്ങളാണ്. പല രാജ്യങ്ങളും പ്രവേശനാനുമതി നിഷേധിച്ചതോടെ നേരെ ചൊവ്വെ യാത്ര സാധ്യമാകാത്ത സാഹചര്യമാണ്. അതിനിടെ ചില ഇളവുകളിൽ ചില വാതിലുകൾ തുറന്നു കിട്ടുമ്പോൾ അതിലൂടെ എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള തത്രപ്പാടിൽ ഓടിയെത്തുന്നവരെ ചൂഷണം ചെയ്യുന്നവരെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്. പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല, മാൽദ്വീപിന്റെയും ഖത്തറിന്റെയും വാതിലുകൾ തുറന്നു കിട്ടിയപ്പോൾ അതു വഴി സൗദിയിലേക്കും യു.എ.ഇയിലേക്കും മറ്റു രാജ്യങ്ങളിലേക്കും പോകാൻ എത്തിയവരെ കിട്ടിയ അവസരം മുതലാക്കി വിമാന കമ്പനികളും ട്രാവൽ ഏജൻസികളും ചൂഷണം ചെയ്യുകയാണ്. കേരളത്തിൽനിന്ന് ദോഹയിലേക്ക് 9000-14,000 രൂപയുണ്ടായിരുന്ന ടിക്കറ്റിനിപ്പോൾ മൂന്നും നാലും ഇരട്ടിയാണ് വില. ആവശ്യക്കാരുള്ളതിനാൽ എത്ര കൂട്ടിയാലും എടുത്തോളുമെന്ന ചൂഷണ വിപണി തന്ത്രമാണ് ഇതിനു പിന്നിൽ.
ഇതേ നിലപാട് മാൽദ്വീപിലേക്കും ദോഹയിലേക്കും മറ്റും യാത്രാ സൗകര്യങ്ങളൊരുക്കുന്ന ട്രാവൽ ഏജൻസികളും സ്വീകരിച്ചാലോ. അതിനെ കഴുത്തറുപ്പൻ നിലപാട് എന്നു പറയേണ്ടി വരും. മാൽദ്വീപ് വഴി പോകാൻ ഒരേ സമയം ഒരേ രീതിയിൽ പോയവർക്ക് വിവിധ നിരക്കുകളാണ് ഏൻസികൾ ഈടാക്കുന്നത്. അതു ചില്ലറ വ്യത്യാസത്തിനൊന്നുമല്ല, മുക്കാൽ ലക്ഷത്തോളം രൂപയുടെ വരെ വ്യത്യാസം. ഇതേക്കുറിച്ച് മുഖപുസ്തകത്തിൽ ജിദ്ദയിലെ സാമൂഹിക പ്രവർത്തകനും ഫുട്‌ബോളറുമായ അബ്ദുൽ കരീം പങ്കുവെച്ച അനുഭവം ഇതിലേക്കു വെളിച്ചം വീശുന്നതാണ്. ഒമ്പതര മാസത്തെ നാട്ടിലെ വാസത്തിനു ശേഷമാണ് അദ്ദേഹം കഴിഞ്ഞ ദിവസം ജിദ്ദയിൽ തിരിച്ചെത്തിയത്. ഇതുപോലെ മാസങ്ങളുടെ ഇടവേളക്കു ശേഷം ജോലിയും കൂലിയുമില്ലാതെ പ്രായസപ്പെട്ടവരാണ് വിവിധ മാർഗങ്ങളിലൂടെ മടങ്ങി വന്നുകൊണ്ടിരിക്കുന്നത്.
മാൽദ്വീപിലെ കാടു മൂടിക്കിടക്കുന്ന ചെറുദ്വീപിലെ റിസോർട്ടിലെ രണ്ടാഴ്ചക്കാലത്തെ വാസത്തിനു ശേഷമാണ് കരീം ജിദ്ദയിലെത്തിയത്. സൗദി പ്രവാസികൾക്ക് സൗദിയുടെ റെഡ് ലിസ്റ്റിൽ പെടാത്ത ഏതെങ്കിലും രാജ്യത്ത് രണ്ടാഴ്ചക്കാലം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം ടെസ്റ്റ് നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പു വരുത്തിയാൽ മാത്രമാണ് സൗദിയിലേക്ക് പ്രവേശനം. അങ്ങനെ പുറപ്പെടുന്നതിനു മുൻപ് അതിനാവശ്യമായ രേഖകൾ ശരിയാക്കുന്നതിൽ അവർ അനുഭവിക്കുന്ന പ്രയാസങ്ങൾ വിവരണാതീതമാണ്. മനം കവരുന്ന പ്രകൃതി രമണീയതയാൽ സമ്പന്നമായ മാൽദ്വീപിന്റെ മനോഹാരിത ആസ്വദിക്കാനുള്ള മനസ്സുമായല്ല ഒരോ പ്രവാസിയും അവിടെ എത്തുന്നത്. കാരണം നേരെ ചൊവ്വേ ഉറങ്ങാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് ഓവർ ഓരോ ദിനങ്ങളും കഴിച്ചുകൂട്ടുന്നത്. അവരുടെ മനസ്സ് മുഴുവൻ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെയും അതു അപ്‌ലോഡ് ചെയ്യുമ്പോൾ നിരസിക്കപ്പെടുമ്പോഴുണ്ടാകുന്ന നിരാശയുടേയുമെല്ലാം മനോവേദനയാണ്. ഈ കടമ്പകളെല്ലാം കടന്ന് രേഖകൾ ശരിയായാൽ മാത്രമാണ് മാൽദ്വീപിൽനിന്ന് സൗദിക്കുള്ള യാത്രാ അനുമതി കിട്ടുക. ഈ കടമ്പകളെല്ലാം കടക്കാൻ ഒരു സർക്കാരിന്റെയും സഹായങ്ങളൾ ലഭ്യമല്ല.
പ്രവാസികൾ പരസ്പരം ചോദിച്ചും പറഞ്ഞുമെല്ലാമാണ് ഓരോ കടമ്പയും കടന്ന് സൗദിയിലേക്കു പോകുന്നതിനുള്ള ഓരോ മാർഗവും കണ്ടെത്തുന്നത്. മാർഗം കണ്ടെത്തിയാൽ അവിടേക്കുള്ള യാത്രക്കും ക്വാറന്റൈനും ട്രാവൽ ഏജൻസികളുടെ സഹായം അനിവാര്യമാണ്. അതിനായി ഏജൻസികളെ സമീപിക്കുന്നവർക്ക് നൽകുന്ന മോഹന വാഗ്ദാനങ്ങൾ പലതായിരിക്കുമെങ്കിലും അതൊന്നും യാഥാർഥ്യമാവാറില്ല. നിരക്കിന്റെ കാര്യത്തിൽ തോന്നിയ പോലെയാണ് ഓരോരുത്തരുടെയും സമീപനം. അബ്ദുൽ കരീം ഫേസ് ബുക്കിൽ പങ്കുവെച്ച അനുഭവം അവരുടെ കൊള്ള വെളിപ്പെടുത്തുന്നതാണ്.
കൊച്ചി മാൽദ്വീപ് ടിക്കറ്റ്, മൂന്നു നേരം ഭക്ഷണത്തോടെയുള്ള ക്വാറന്റൈൻ, പി.സി.ആർ ടെസ്റ്റ്, ജിദ്ദ ടിക്കറ്റ് അടക്കം ഓരോ ഏജൻസിയും 1,35,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. കരീം ഈ പാക്കേജിനു നൽകിയത് 1,35,000 രൂപയാണ്. എന്നാൽ അദ്ദേഹത്തോടൊപ്പം അതേ സൗകര്യങ്ങളുമായി കൂടെ താമസിച്ചിരുന്ന രണ്ടുപേർക്ക് നൽകേണ്ടി വന്നത് രണ്ടു ലക്ഷം രൂപ വീതമാണ്. കൂടെ ഉണ്ടായിരുന്ന മറ്റൊരാൾ നൽകിയത് 1,78,000 രൂപ. വേറൊരാൾ നൽകിയത് 1,65,000 രൂപ. ഏജൻസികളെ ആശ്രയിക്കാതെ സ്വയം ബുക്ക് ചെയ്തവർക്ക് ചെലവായത് 1,56,000 രൂപ.
കരീമിന് അദ്ദേഹത്തിന്റെ ബന്ധുവായ ട്രാവൽ ഏജന്റായതിനാൽ പരമാവധി നിരക്ക് കുറച്ചു കൊടുത്തതാവാം. ട്രാവൽ ഏജന്റുമാർക്കും നിലനിൽക്കേണ്ടതിനാൽ മാന്യമായ ലാഭം അവർക്കു കിട്ടിയേ മതിയാവൂ. എന്നാൽ 1,35,000 രൂപ ചെലവാകുന്നിടത്ത് രണ്ടു ലക്ഷം വാങ്ങിയ ഏജന്റിനെ കരിഞ്ചന്തക്കാരനെന്നല്ലാതെ മറ്റെന്താണ് വിളിക്കുക? മാസങ്ങളോളം ഒരു വരുമാനവുമില്ലാതെ ഉള്ളത് പെറുക്കി വിറ്റും കടം വാങ്ങിയും മറ്റും എങ്ങനെയും ജോലി സ്ഥലത്ത് എത്തിപ്പെടാൻ ശ്രമിക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങാവേണ്ടവർ ചൂഷകരായി മാറിയാൽ അവരെ തുറന്നു കാണിക്കുക തന്നെ വേണം. ദോഹയിലേക്കുള്ള പാക്കേജിലും ഇത്തരം നിരക്കു വ്യത്യാസം ഉണ്ട്. പ്രവാസികളുണ്ടെങ്കിലേ ഏജന്റുമാർക്കും നിലനിൽപുള്ളൂ. ഇതു മനസ്സിലാക്കി പരസ്പരം കൈത്താങ്ങാവാനുള്ള ശ്രമമാവണം ട്രാവൽ ഏജൻസികളുടെ ഭാഗത്തു നിന്നെങ്കിലും ഉണ്ടാവേണ്ടത്. വിമാന കമ്പനികളിൽനിന്ന് അതു ഒരിക്കലും പ്രതീക്ഷിക്കാനാവാത്തിടത്തോളം തെല്ലെങ്കിലും ആശ്വാസമേകുന്ന, മനുഷ്യപ്പറ്റുള്ളവരാവാൻ ട്രാവൽ ഏജന്റുമാർ സന്നദ്ധമാവണം.