സെഞ്ചൂറിയൻ - പുതുമുഖ പെയ്‌സ്ബൗളർ ലുൻഗി എൻഗിഡിയുടെ ഉജ്വല ബൗളിംഗിനും ദക്ഷിണാഫ്രിക്കയുടെ തകർപ്പൻ ഫീൽഡിംഗിനും മുന്നിൽ അടിതെറ്റി 151 ന് പുറത്തായ ഇന്ത്യ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വൻ തോൽവി വാങ്ങി. ഇതോടെ മൂന്നു മത്സര പരമ്പരയിലെ അവസാന ടെസ്റ്റ് അപ്രസക്തമായി. പതിവ് സെഞ്ചൂറിയൻ പിച്ചിന് വിരുദ്ധമായി ഇന്ത്യൻ സാഹചര്യങ്ങളോട് യോജിക്കുന്നതായിരുന്നു മത്സരാന്തരീക്ഷം. എന്നിട്ടും ദക്ഷിണാഫ്രിക്കക്കു മുന്നിൽ പിടിച്ചുനിൽക്കാൻ ഇന്ത്യൻ ബാറ്റിംഗ് നിരക്കായില്ല. സ്വന്തം ഗ്രൗണ്ടിൽ ഇന്നലെ ആറോവറിൽ നാലു വിക്കറ്റെടുത്ത എൻഗിഡി ഇന്ത്യയെ 135 റൺസ് പരാജയത്തിലേക്ക് തള്ളി വിട്ടു. ഇതോടെ ഫ്രീഡം ട്രോഫി ദക്ഷിണാഫ്രിക്ക വീണ്ടെടുത്തു. രണ്ടാം ഇന്നിംഗ്‌സിൽ എൻഗിഡിക്ക് 39 റൺസിന് ആറു വിക്കറ്റ് ലഭിച്ചു. എൻഗിഡിയാണ് മാൻ ഓഫ് ദ മാച്ച്.
തുടർച്ചയായ ഒമ്പത് പരമ്പര വിജയങ്ങൾക്കു ശേഷമാണ് ഇന്ത്യ തോൽക്കുന്നത്. മൂന്നു വർഷത്തിനു മുമ്പാണ് അവസാനമായി പരമ്പര തോറ്റത്. അടുത്ത ടെസ്റ്റിലും പരാജയം ആവർത്തിച്ചാൽ ആറു വർഷത്തിനു ശേഷം ആദ്യമായി ഇന്ത്യ തൂത്തുവാരപ്പെടും. ജോഹന്നസ്ബർഗിൽ അടുത്തയാഴ്ചയാണ് മൂന്നാം ടെസ്റ്റ്. ആദ്യ ടെസ്റ്റിൽ ഇന്ത്യ 72 റൺസിനാണ് തോറ്റത്.
മൂന്നിന് 35 ലാണ് ഇന്ത്യ അവസാന ദിനം ഇന്ത്യ കളി പുനരാരംഭിച്ചത്. കളി അവസാന ദിവസത്തിന്റെ അവസാനം വരെയെങ്കിലും നീട്ടാൻ ചേതേശ്വർ പൂജാരയിലായിരുന്നു പ്രധാന പ്രതീക്ഷ. എന്നാൽ ലഞ്ചിനു മുമ്പെ അവശേഷിച്ച ഏഴ് വിക്കറ്റും ദക്ഷിണാഫ്രിക്ക പിടിച്ചെടുത്തു.
പൂജാര (19) മൂന്നാമത്തെ ഓവറിൽ തന്നെ റണ്ണൗട്ടായി. രണ്ട് ഇന്നിംഗ്‌സിലും റണ്ണൗട്ടാവുന്ന ഇരുപത്തിമൂന്നാമത്തെ കളിക്കാരനെന്ന നാണക്കേടിന് ഉടമയായി. എബി ഡിവിലിയേഴ്‌സും എൻഗിഡിയും കൂട്ടായി ശ്രമിച്ച് ബൗണ്ടറി രക്ഷിക്കുകയും പന്തെടുത്ത് എറിയുകയും ചെയ്താണ് പൂജാരയെ പുറത്താക്കിയത്. ആദ്യമായാണ് ഒരു ഇന്ത്യൻ ബാറ്റ്‌സ്മാൻ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും റണ്ണൗട്ടാവുന്നത്. 2000 ൽ ന്യൂസിലാന്റിന്റെ സ്റ്റീഫൻ ഫ്‌ളെമിംഗാണ് അവസാനമായി രണ്ട് ഇന്നിംഗ്‌സിലും റണ്ണൗട്ടായ ബാറ്റ്‌സ്മാൻ.
പാർഥിവ് പട്ടേലായിരുന്നു പൂജാരക്കൊപ്പം ഇന്നലെ ഇന്നിംഗ്‌സ് പുനരാരംഭിച്ചത്. രോഹിത് ശർമക്ക് മുന്നിൽ ബാറ്റിംഗിനിറങ്ങാൻ കിട്ടിയ അവസരം പാർഥിവ് മുതലാക്കിയില്ല. കഗീബൊ റബാദയെ ഹുക്ക് ചെയ്ത പാർഥിവിനെ (19) ഫൈൻലെഗിൽ വലത്തോട്ടോടി മോണി മോർക്കൽ ഡൈവ് ചെയ്തു പിടിച്ചു.
ഹാർദിക് പാണ്ഡ്യയെയും (6) ആർ. അശ്വിനെയും (3) എൻഗിഡി വിക്കറ്റ്കീപ്പർ ക്വിന്റൻ ഡികോക്കിന്റെ കൈയിലെത്തിച്ചു. വൈഡ് ബൗൺസറിലാണ് ഹാർദിക് പുറത്തായത്. അലക്ഷ്യമായി ഡ്രൈവ് ചെയ്ത് അശ്വിനും മടങ്ങി. മൂന്നു വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യ 200 റൺസിന് പിന്നിലായിരുന്നു അപ്പോൾ.
രോഹിതും (47) മുഹമ്മദ് ഷാമിയും (28) എട്ടാം വിക്കറ്റിൽ ചേർത്ത 54 റൺസ് അനിവാര്യമായ പരാജയം വൈകിച്ചു. ഇന്ത്യ ലഞ്ച് കടക്കുമെന്നു തോന്നി. ലഞ്ചിനു മുമ്പുള്ള അവസാന ഓവറിൽ ഡിവിലിയേഴ്‌സിന്റെ സെൻസേഷനൽ ക്യാച്ചിൽ രോഹിത് പുറത്തായി.
രോഹിതിന്റെ പുൾ ഷോട്ട് പിടിക്കാൻ അധികം സമയം കിട്ടിയില്ലെങ്കിലും ഡിവിലിയേഴ്‌സ് കൃത്യമായ വേഗത്തിൽ ചാടി അനായാസം കൈയിലൊതുക്കി. അതോടെ ലഞ്ച് നീട്ടി. ഷാമിയെയും ജസ്പ്രീത് ബുംറയെയും (2) പുറത്താക്കി എൻഗിഡി ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയും ചെയ്തു.