തിരുവനന്തപുരം- നിയമസഭ കയ്യാങ്കളിക്കേസിലെ സുപ്രീം വിധിയെ മുഖ്യമന്ത്രി ചോദ്യം ചെയ്യുകയാണെന്ന് പ്രതിപക്ഷം. വിധി ഒൻപതംഗ ബെഞ്ചിന് വിടണമെന്ന രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. എം.എൽ.എമാർക്ക് കൊമ്പില്ല. പൊതുമുതൽ നശിപ്പിച്ച കുറ്റമാണ് എം.എൽ.എമാരുടെ പേരിലുള്ളത്. കേസ് പാർട്ടിയാണ് നടത്തേണ്ടതെന്നും സതീശൻ പറഞ്ഞു. ഈ മന്ത്രിസഭയിൽ ഇരിക്കാൻ കേരള കോൺഗ്രസിന് നാണമുണ്ടോയെന്നും സതീശൻ ചോദിച്ചു. മാണിയെ കടന്നാക്രമിച്ച് നേരത്തെ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ നടത്തിയ പ്രസംഗവും സതീശൻ നിയമസഭയിൽ വായിച്ചു. വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. തുടർന്ന് പ്രതിപക്ഷം സഭ വിട്ടു.