Sorry, you need to enable JavaScript to visit this website.

സൗദിയിൽ വിവാഹ പൂർവ പരിശോധന സ്വകാര്യ ആശുപത്രികളിലും

റിയാദ് - വിവാഹ പൂർവ പരിശോധന സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് നേടാതെ സ്വകാര്യ ആശുപത്രികളിൽ വിവാഹ പൂർവ പരിശോധന നടത്തി വേഗത്തിലും എളുപ്പത്തിലും റിപ്പോർട്ട് ലഭിക്കും. ഈ സേവനത്തിലൂടെ വിവാഹ സർട്ടിഫിക്കറ്റ് വിവരങ്ങൾ നീതിന്യായ മന്ത്രാലയത്തിന്റെ സിസ്റ്റത്തിലേക്ക് ഇലക്‌ട്രോണിക് രീതിയിൽ അയക്കും. വിവാഹത്തിൽ ഏർപ്പെടുന്ന ആദ്യ കക്ഷി സ്വകാര്യ ആശുപത്രിയിൽ വിവാഹ പൂർവ പരിശോധന നടത്തിയ ശേഷം രണ്ടാമത്തെ കക്ഷിക്ക് സ്വകാര്യ ആശുപത്രിയിലോ ലാബുകളിലോ സർക്കാർ ആശുപത്രിയിലോ വിവാഹ പൂർവ പരിശോധന നടത്താവുന്നതാണ്. പരിശോധനാ റിപ്പോർട്ട് ലഭിച്ചാലുടൻ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇ-സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യും. 
സിക്കിൾസെൽ അനീമിയ, തലസീമിയ പോലെ ചില ജനിതക രക്തരോഗങ്ങളും ഹെപ്പറ്റൈറ്റിസ് ബി, സി, എയിഡ്‌സ് പോലെ പകർച്ചവ്യാധികളും ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് വിവാഹം കഴിക്കാൻ പോകുന്നവർക്ക് വിവാഹ പൂർവ പരിശോധന നടത്തുന്നത്. വിവാഹത്തിൽ ഏർപ്പെടുന്ന രണ്ടാമത്തെ കക്ഷിക്കോ ഭാവിയിൽ പിറക്കുന്ന മക്കൾക്കോ രോഗം പകരാനുള്ള സാധ്യതയെ കുറിച്ച് വൈദ്യോപദേശം നൽകാനും ആരോഗ്യകരമായ കുടുംബം ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിന് പ്രതിശ്രുത വധൂവരന്മാർക്ക് ഓപ്ഷനുകളും ബദലുകളും നൽകാനും ലക്ഷ്യമിട്ടാണ് വിവാഹ പൂർവ പരിശോധന നടത്തുന്നത്.
 

Latest News