തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശ യാത്രയ്ക്കുള്ള പണം ദുരന്തനിവാരണ ഫണ്ടില്‍ നിന്നും അനുവദിച്ച വിവാദത്തില്‍ വിശദീകരണവുമായി ഡി.ജി.പി ലോക്നാഥ് ബെഹ്‌റ. മുഖ്യമന്ത്രിയുടെ ഹെലികൊപ്റ്റര്‍ യാത്രയക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും യാത്രാ സംബന്ധമായ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയത് പോലീസല്ലെന്നും ഡി.ജി.പി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.
പണം പിന്‍വലിച്ചത് വിവാദമായതിനെ തുടര്‍ന്ന് ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് റദ്ദാക്കിയിരുന്നു. പണം വക മാറ്റിയത് അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. തൃശൂര്‍ പാര്‍ട്ടി സമ്മേളനത്തില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കാണ് ദുരന്തനിവാരണ ഫണ്ടില്‍നിന്ന് തുക നല്‍കാന്‍ ഉത്തരവിട്ടിരുന്നത്.
ഡിസംബര്‍ 26ന് നടത്തിയ യാത്രയ്ക്കായി 13 ലക്ഷം രൂപയാണ് ഹെലികോപ്റ്റര്‍ കമ്പനി ആവശ്യപ്പെട്ടത് . എന്നാല്‍ വിലപേശി പിന്നീട് അത് എട്ട് ലക്ഷമാക്കുകയായിരുന്നു. ഈ മാസം ആറിന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എം. കുര്യനാണ് പണം നല്‍കുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്.