പെരിന്തല്‍മണ്ണ- ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട സ്കൂട്ടറും സമീപത്തുനിന്നും നാടന്‍ തോക്കും തിരകളും കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണലായ പൂണോത്ത് കോളനിയിലെ താമസക്കാരനായ ആനമങ്ങാട് ചോലക്കല്‍ വീട്ടില്‍ ശശിനാരായണനെ(33)യാണ് എസ്.ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ്ചെയ്തത്. വന്യമൃഗങ്ങളെ വേട്ടയാടാനുള്ള ഉദ്ദേശത്തോടെയാണ് തോക്കുമായെത്തിയതെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച ഉച്ചക്കാണ് പരിശോധനക്കെത്തിയ എക്സൈസ് സംഘം ആനമങ്ങാട് എടത്തറ കുന്നക്കാട്ടുകുഴിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേര്‍ന്ന് സ്കൂട്ടര്‍ കണ്ടത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കുറച്ചുമാറി നാടന്‍ തോക്കും അഞ്ച് തിരകളും കത്തിയും കണ്ടെത്തി. മൂന്നായി മടക്കാവുന്ന തോക്കായിരുന്നു.
തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ വാഹന ഉടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സ്കൂട്ടറിന്റെ സീറ്റിനടിയില്‍ നിന്ന് ലഭിച്ച പെന്‍ ഡ്രൈവില്‍ പ്രതി തോക്ക് പിടിച്ചുനില്‍ക്കുന്നതായ ചിത്രമുള്ളതായി പോലീസ് പറഞ്ഞു.