Sorry, you need to enable JavaScript to visit this website.

ഹജ് ഒരുക്കങ്ങൾ വിലയിരുത്താൻ സെൻട്രൽ ഹജ് കമ്മിറ്റി യോഗം

ഖാലിദ് അൽഫൈസൽ രാജകുമാരന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന സെൻട്രൽ ഹജ് കമ്മിറ്റി യോഗം. 

മക്ക- വിവിധ വകുപ്പുകൾ തയാറാക്കിയ ഹജ് പദ്ധതികളും പൂർത്തിയാക്കിയ ഒരുക്കങ്ങളും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന സെൻട്രൽ ഹജ് കമ്മിറ്റി യോഗം വിലയിരുത്തി. സൗദി പൗരന്മാരും 120 രാജ്യങ്ങളിൽ നിന്നുള്ള വിദേശികളും അടക്കം ഈ വർഷം 60,000 പേരാണ് ഹജ് നിർവഹിക്കുകയെന്നും ഇ-ട്രാക്ക് വഴി 5,58,000 ലേറെ പേർ ഹജിന് അപേക്ഷിച്ചിരുന്നെന്നും യോഗത്തിൽ ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. 


തമ്പുകളിലേക്കുള്ള പ്രവേശനം, ഗതാഗത സംവിധാനങ്ങളുടെ ഉപയോഗം, ഹോട്ടലുകളിലേക്കുള്ള പ്രവേശനം, വഴിതെറ്റുന്ന തീർഥാടകർക്കുള്ള സഹായം എന്നിവ അടക്കം ഹജ് തീർഥാടകർക്കുള്ള മുഴുവൻ സേവനങ്ങളെയും ബന്ധിപ്പിക്കുന്ന ഹജ് സ്മാർട്ട് കാർഡ് ഈ വർഷം ഹജ് തീർഥാടകർക്കും ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്കും വിതരണം ചെയ്യും. ഹജ് തീർഥാടകരുടെ ആരോഗ്യ, സുരക്ഷ ഉറപ്പുവരുത്താൻ ഏറ്റവും ഉയർന്ന സുരക്ഷയോടെയുള്ള ഭക്ഷണമാണ് തീർഥാടകർക്കിടയിൽ വിതരണം ചെയ്യുക. ഏറ്റവും ഉയർന്ന ഗുണമേന്മാ മാനദണ്ഡങ്ങൾക്കനുസരിച്ച് മുൻകൂട്ടി തയാറാക്കി പേക്ക് ചെയ്യുന്ന ഭക്ഷണമാണ് തീർഥാടകർക്കിടയിൽ വിതരണം ചെയ്യുകയെന്നും മന്ത്രാലയം പറഞ്ഞു. 


ഈ വർഷം 60,000 ഓളം വരുന്ന ഹജ് തീർഥാടകരുടെ സേവനത്തിന് 1,600 ബസുകൾ സജ്ജീകരിച്ചതായി ജനറൽ കാർ സിണ്ടിക്കേറ്റ് അറിയിച്ചു. തീർഥാടനത്തിന്റെ ഓരോ ഘട്ടത്തിലും തീർഥാടകർക്ക് യാത്രാ സൗകര്യം നൽകാനുള്ള വിശദവും കൃത്യവുമാർന്ന പദ്ധതി ബന്ധപ്പെട്ട വകുപ്പുകൾ തയാറാക്കിയിട്ടുണ്ട്. 
ഹജ് തീർഥാടകർക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നൽകാൻ പുണ്യസ്ഥലങ്ങളിൽ എല്ലാവിധ സൗകര്യങ്ങളോടെയും ആശുപത്രികളും ഹെൽത്ത് സെന്ററുകളും സജ്ജീകരിച്ചതായി മക്ക ആരോഗ്യ വകുപ്പ് യോഗത്തിൽ പറഞ്ഞു. മതാഫിലെ ട്രാക്കുകളുടെ എണ്ണം 25 ആയി ഉയർത്തിയിട്ടുണ്ടെന്നും വിശുദ്ധ ഹറമിലും മുറ്റങ്ങളിലും അണുനശീകരണ ജോലികൾക്ക് 5,000 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും ഹറമിലേക്കുള്ള തീർഥാടകരുടെ പ്രവേശനം എളുപ്പമാക്കാൻ കൂടുതൽ കവാടങ്ങൾ പ്രയോജനപ്പെടുത്തുമെന്നും ഹറംകാര്യ വകുപ്പും അറിയിച്ചു.

 


 

Latest News