ചണ്ഡീഗഢ്- നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ആം ആദ്മി പാര്‍ട്ടി. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എല്ലാ കുടുംബങ്ങള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുമെന്നും സംസ്ഥാനത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്നും പാര്‍ട്ടി അധ്യക്ഷനും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. 'ഇത് കേജ് രിവാളിന്റെ വാഗ്ദാനമാണ്, ക്യാപ്റ്റന്റെ വാക്കുകളല്ല. ഞങ്ങള്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കും. ക്യാപ്റ്റന്റെ വാഗ്ദാനങ്ങള്‍ അഞ്ചു വര്‍ഷമായിട്ടും നടപ്പിലായിട്ടില്ല,' പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ കൊട്ടി കേജ്രിവാള്‍ പറഞ്ഞു. എഎപി അധികാരത്തിയാല്‍ ഉടന്‍ തന്നെ വൈദ്യുതി സൗജന്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ പഞ്ചാബിലെ 80 ശതമാനം വരെ ജനങ്ങള്‍ക്കും സൗജന്യമായി വൈദ്യുതി ലഭിക്കും. 24 മണിക്കൂറും വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ മൂന്ന് വര്‍ഷം വരെ സമയമെടുക്കുമന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തുവന്നതോടെ പുറത്തു വന്ന പാര്‍ട്ടിക്കുള്ളിലെ കടുത്ത പോര് കോണ്‍ഗ്രസ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന അമരീന്ദര്‍ സിങിനും പാര്‍ട്ടിക്കും വെല്ലുവിളിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റാണ് എഎപി നേടിയത്. കോണ്‍ഗ്രസ് 77 സീറ്റും. 10 വര്‍ഷം ഭരിച്ച ശിരോമണി അകാലിദള്‍-ബിജെപി സര്‍ക്കാരിനെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. ഇത്തവണയും ദല്‍ഹി ഭരണം ഉയര്‍ത്തിക്കാട്ടി എഎപി സര്‍വ്വ മുന്നൊരുക്കങ്ങളുമായാണ് മത്സരത്തിനിറങ്ങുന്നത്.
സംസ്ഥാനത്തുടനീളം ജനങ്ങളിലേക്കിറങ്ങി അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞിട്ടുണ്ടെന്നും കേജ്രിവാള്‍ പറഞ്ഞു. വൈദ്യുതി ചെലവിന്റെ കാര്യത്തില്‍ എല്ലാവരും അതൃപ്തരാണ്. ആകെ വീട്ടു ചെലവിന്റെ പകുതിയോളം വൈദ്യുതി ചെലവ് കവരുന്നതായും പല വീട്ടമ്മമാരും പരാതിപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പഞ്ചാബ് ആവശ്യത്തിലധികമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എന്നിട്ടും മണിക്കൂറുകള്‍ നീണ്ട പവര്‍ കട്ടുണ്ട്. ഇതിനു പുറമെ ഉയര്‍ന്ന ബില്ലും ജനങ്ങള്‍ക്ക് സഹിക്കാനാവുന്നില്ല- കേജ്രിവാള്‍ ചൂണ്ടിക്കാട്ടി.