Sorry, you need to enable JavaScript to visit this website.

ഹജിന് രജിസ്റ്റർ ചെയ്തത് അഞ്ചര ലക്ഷം പേർ; തെരഞ്ഞെടുക്കപ്പെട്ടവരെ നാളെ എസ്.എം.എസ് വഴി അറിയിക്കും


മക്ക - ഈ വർഷം ഹജ് നിർവഹിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് 5,58,270 പേർ ഇ-ട്രാക്ക് വഴി രജിസ്റ്റർ ചെയ്തതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതിൽ 59 ശതമാനം പുരുഷന്മാരും 41 ശതമാനം വനിതകളുമാണ്. രജിസ്റ്റർ ചെയ്തവരിൽ 38 ശതമാനം 31 മുതൽ 40 വരെ വയസ്സ് പ്രായക്കാരാണ്. 26 ശതമാനം 21-30 പ്രായക്കാരും, 20 ശതമാനം 41-50 പ്രായക്കാരും, 11 ശതമാനം 51-60 പ്രായക്കാരും, മൂന്നു ശതമാനം 20 ൽ കുറവ് പ്രായമുള്ളവരും രണ്ടു ശതമാനം 60 ൽ കൂടുതൽ പ്രായമുള്ളവരുമാണ്. 


ഹജ് രജിസ്‌ട്രേഷനുള്ള ഇ-ട്രാക്ക് ബുധനാഴ്ച രാത്രി പത്തിന് ഹജ്, ഉംറ മന്ത്രാലയം ക്ലോസ് ചെയ്തു. രണ്ടാം ഘട്ട രജിസ്‌ട്രേഷൻ നടപടികൾക്ക് ഇന്ന് തുടക്കമാകും. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഹജ് പാക്കേജുകൾ ബുക്ക് ചെയ്ത് പണമടക്കുകയാണ് രണ്ടാം ഘട്ടത്തിൽ തീർഥാടകർ ചെയ്യേണ്ടത്. വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂർണമായ തീർഥാടകരെ മന്ത്രാലയം തെരഞ്ഞെടുക്കുകയും ഹജിന് തെരഞ്ഞെടുത്ത കാര്യം ഇവരെ എസ്.എം.എസ്സുകൾ വഴി നാളെ അറിയിക്കുകയും ചെയ്യും. 


ഈ മാസം 13 നാണ് ഹജ് രജിസ്‌ട്രേഷന് തുടക്കമായത്. പത്തു ദിസവമാണ് പ്രാഥമിക രജിസ്‌ട്രേഷന് സമയം അനുവദിച്ചിരുന്നത്. 50 വയസ്സ് പിന്നിട്ട, വാക്‌സിൻ സ്വീകരിച്ച, മുമ്പ് ഹജ് നിർവഹിച്ചിട്ടില്ലാത്തവർക്ക് മുൻഗണന നൽകുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നേരത്തെ രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനയുണ്ടാകില്ല. രജിസ്‌ട്രേഷൻ സംവിധാനങ്ങളും തീർഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും തീർത്തും സുതാര്യമാണ്. ഇക്കാര്യത്തിൽ സൗദി, വിദേശി വ്യത്യാസമില്ല. 


മുമ്പ് ഹജ് നിർവഹിക്കാത്തവർക്ക് ഇത്തവണ മുൻഗണന നൽകും. മറ്റുള്ളവർ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഹജ് നിർവഹിച്ചവരാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ടാകും. 
കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇത്തവണയും ഹജ് അനുമതി സൗദി അറേബ്യക്കകത്തു നിന്നുള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആകെ 60,000 പേർക്കാണ് അനുമതി നൽകുക. ലോകമെങ്ങും കൊറോണ വൈറസ് വ്യാപനം തുടരുന്നതും വൈറസിന്റെ പുതിയ വകഭേദങ്ങൾ പ്രത്യക്ഷപ്പെട്ടതുമാണ് ഇത്തവണയും വിദേശങ്ങൡ നിന്നുള്ള ഹജ് തീർഥാടകരെ സ്വീകരിക്കാതിരിക്കാൻ കാരണം. 


പ്രമേഹം, രക്തസമ്മർദം, വൃക്കരോഗം, ഹൃദ്രോഗം പോലെ വിട്ടുമാറാത്ത രോഗങ്ങളിൽനിന്ന് മുക്തരായ, 18 മുതൽ 65 വരെ വയസ്സ് പ്രായമുള്ളവർക്കാണ് വ്യവസ്ഥകൾക്ക് വിധേയമായി ഹജ് അനുമതി നൽകുക. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ, ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർ, രോഗമുക്തി നേടി പ്രതിരോധ ശേഷി ആർജിച്ചവർ എന്നീ വിഭാഗങ്ങളിൽ പെട്ടവർക്കു മാത്രമാണ് ഹജ് നിർവഹിക്കാൻ അവസരം നൽകുകയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 

 

Latest News