മക്ക - ഹജിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് പുണ്യസ്ഥലങ്ങളിൽ ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ.അബ്ദുൽ ഫത്താഹ് മുശാത്തിന്റെ സന്ദർശനം. തീർഥാടകരുടെ സേവനങ്ങൾക്കായുള്ള ഫോളോ-അപ്പ്, മോണിറ്ററിംഗ് കമ്മിറ്റികളുടെ പ്രധാന ആസ്ഥാനവും ഈ വർഷത്തെ ഹജ് കാലത്ത് തീർഥാടകർ കഴിയുന്ന മിനായിലെയും അറഫയിലെയും മുസ്ദലിഫയിലെയും തമ്പുകളും കേന്ദ്രങ്ങളും മന്ത്രി സന്ദർശിച്ചു.
തീർഥാടകരെ സ്വീകരിക്കുന്നതിന് നടത്തുന്ന ഒരുക്കങ്ങളുടെയും സജ്ജീകരണങ്ങളുടെയും പുരോഗതിയും, ഹാജിമാരുടെയും ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാൻ സഹായകമായ ആരോഗ്യ മാനദണ്ഡങ്ങൾ തമ്പുകളിലും മറ്റും എത്രമാത്രം പാലിക്കപ്പെടുന്നുണ്ടെന്നും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി നേരിട്ട് വിലയിരുത്തി.
സുരക്ഷിതമായ ഗതാഗത സൗകര്യം, തീർഥാടകർക്കുള്ള ഭക്ഷണ വിതരണം, തീർഥാടകർ കടന്നുപോകുന്ന സ്ഥലങ്ങളിലെ ലോജിസ്റ്റിക് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെയും സജ്ജീകരണങ്ങളെയും സംവിധാനങ്ങളെയും കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അധികൃതരും മന്ത്രിക്കു മുന്നിൽ വിശദീകരിച്ചു.
ഹജ്, ഉംറ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഡോ.അബ്ദുൽ ഫത്താഹ് മുശാത്തിനെ അനുഗമിച്ചു.