റിയാദ് - സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉന്നത തസ്തികകൾക്ക് മുൻഗണനയും ഊന്നലും നൽകണമെന്ന് സാമ്പത്തിക വിദഗ്ധർ ആവശ്യപ്പെട്ടു. റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകൡും ഐസ്ക്രീം വാഹനങ്ങളിലും മറ്റും സൗദിവൽക്കരണം നടപ്പാക്കുന്നതിനേക്കാൾ ഏറെ പ്രധാനമാണ് ഉന്നത തസ്തികകളുടെ സ്വദേശിവൽക്കരണം. ഇക്കാര്യത്തിൽ കൂടുതൽ ഊന്നൽ നൽകണം.
അനിവാര്യമായ സാഹചര്യങ്ങളിൽ ഏതെങ്കിലും സ്ഥാപനങ്ങളിൽ വിദേശിയെ ഉന്നത തസ്തികകയിൽ നിയമിക്കേണ്ടതുണ്ടെങ്കിൽ ഡെപ്യൂട്ടിയായി സൗദി പൗരനെ കൂടി നിർബന്ധമായും നിയമിക്കണം. കമ്പനികളിലും സ്ഥാപനങ്ങളിലും സുപ്രധാന തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയിൽ സൗദികൾക്ക് വലിയ അവസരങ്ങൾ നൽകാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നീക്കങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ നിരവധി കമ്പനികളിലും സ്ഥാപനങ്ങളിലും മധ്യനിര അഡ്മിനിസ്ട്രേഷൻ ഏറ്റവും ഉയർന്ന പദവികൾ വഹിക്കുന്നവർ ഉൾപ്പെട്ട അഡ്മിനിസ്ട്രേഷനും താഴേതട്ടിലുള്ള ജീവനക്കാരുടെ ചുമതലയുള്ള അഡ്മിനിസ്ട്രേഷനും ഇടയിലുള്ള ആശയവിനിമയത്തിന് പ്രതിബന്ധമായി മാറുകയാണ്.
തീരുമാനമെടുക്കുന്നതിലും വികസനത്തിനും പരിശീലനത്തിനും സൗദികളെ സഹായിക്കുന്നതിലും മിഡിൽ അഡ്മിനിസ്ട്രേഷൻ തടസ്സമായി മാറുകയാണ്. തങ്ങളുടെ മേൽനോട്ട പരിധിയിൽ വരുന്ന മേഖലകളിൽ ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്ന കാര്യത്തിൽ സൗദി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി, സെൻട്രൽ ബാങ്ക്, വാണിജ്യ മന്ത്രാലയം, നിക്ഷേപ മന്ത്രാലയം, കമ്യൂണിക്കേഷൻസ് മന്ത്രാലയം അടക്കമുള്ള വകുപ്പുകൾക്ക് അനുഭവ സമ്പത്തുണ്ട്. സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്ന കാര്യത്തിൽ ഈ വകുപ്പുകളുടെയും മന്ത്രാലയങ്ങളുടെയും അനുഭവ സമ്പത്ത് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് പ്രയോജനപ്പെടുത്താവുന്നതും ഈ വകുപ്പുകളുമായി സഖ്യത്തിലേർപ്പെടാവുന്നതുമാണെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.
സ്വകാര്യ മേഖലയിൽ ഉന്നത തസ്തികകൾ സ്വദേശിവൽക്കരിക്കുന്നതിനെ കുറിച്ച് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പഠിക്കുന്നതായി തൊഴിൽനയ കാര്യങ്ങൾക്കുള്ള മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എൻജിനീയർ അഹ്മദ് അൽശർഖി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സ്വകാര്യ കമ്പനികളിലെ ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്നതിൽ സന്തുലിതാവസ്ഥ പരിഗണിക്കേണ്ടതുണ്ട്. മതിയായ കഴിവുകളും യോഗ്യതകളുമുള്ള സ്വദേശികളുടെ ലഭ്യത കണക്കിലെടുക്കാതെ ധിറുതിയിൽ ഉന്നത തസ്തികകൾ സൗദിവൽക്കരിക്കാൻ കഴിയില്ല. ഉന്നത തസ്തികകളിൽ നിയമിക്കുന്നതിന് ആവശ്യമായ പരിചയ സമ്പത്തും അറിവുകളും പടിപടിയായി ആർജിക്കാൻ സ്വദേശി ജീവനക്കാർക്ക് അവസരമൊരുക്കേണ്ടതുണ്ട്. ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്ന കാര്യത്തിൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതും മന്ത്രാലയം പരിഗണിക്കുന്നുണ്ട്.
സൗദിയിൽ നിക്ഷേപം നടത്തുന്നതിന്റെ തുടക്ക കാലത്ത് വിദേശ വിദഗ്ധരെ നിയമിക്കുന്നതിൽ വൻകിട കമ്പനികൾക്ക് വഴക്കം ലഭിക്കേണ്ടതുണ്ട്. കമ്പനികളിലെ നേതൃസ്ഥാനങ്ങൾ സൗദിവൽക്കരിക്കുന്ന കാര്യത്തിൽ ഉയർന്ന വഴക്കം കണ്ടെത്താൻ മന്ത്രാലയം ആഗ്രഹിക്കുന്നു. ഉന്നത തസ്തികകൾ പടിപടിയായി സൗദിവൽക്കരിക്കുന്ന കാര്യമാണ് മന്ത്രാലയം പരിഗണിക്കുന്നതെന്നും എൻജിനീയർ അഹ്മദ് അൽശർഖി പറഞ്ഞു.