മുംബൈ- മഹാരാഷ്ട്രയില്‍ ശിവസേന ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറയ്ക്ക് പാര്‍ട്ടി എംഎല്‍എയുടെ കത്ത്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഉപദ്രവങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗങ്ങളെ രക്ഷിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പടണമെന്നാണ് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായ് മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ഉദവ് താക്കറെക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്. 'നരേന്ദ്ര മോഡി നയിക്കുന്ന ബിജെപിയുമായി സഖ്യം ചേരുന്നതാണ് നല്ലതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എനിക്കും മറ്റ് ശിവസേന നേതാക്കളായ അനില്‍ പരബ്, രവീന്ദ്ര വൈകര്‍ എന്നിവര്‍ക്കും പിന്നില്‍ നിരവധി കേന്ദ്ര ഏജന്‍സികളുണ്ട്. അവരെയും അവരുടെ കുടുംബങ്ങളെയും ഉപദ്രവിക്കുകയാണ്. ഒരു കേസില്‍ ജാമ്യം അനുവദിച്ചു, ഉടന്‍ തന്നെ മനഃപൂര്‍വ്വം മറ്റൊരു കേസില്‍ ഉള്‍പ്പെടുത്തും. സേന നേതാക്കളെ പ്രശ്‌നങ്ങളില്‍നിന്ന് രക്ഷിക്കുമെന്ന് ശിവ സൈനികര്‍ കരുതുന്നതിനാല്‍, ബിജെപിയുമായി വീണ്ടും കൈകോര്‍ക്കുന്നതാണ് നല്ലത്' -കത്തില്‍ ശിവസേന എംഎല്‍എ പറയുന്നു.